SHARE

സ്പെയിനിലെ ലാ ലി​ഗയിലെ പോയിന്റെ പട്ടികയിൽ റയൽ മഡ്രി‍ഡ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്നലെ നടന്ന ലീ​ഗ് മത്സരത്തിൽ മയ്യോർക്കയെ തകർത്തെറിഞ്ഞതോടെയാണ് റയൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ഒന്നിനെതിരെ ആറ് ​ഗോളുകൾക്കായിരുന്നു റയലിന്റെ ജയം.

സാന്റിയാ​ഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ കരീം ബെൻസിമയിലൂടെ ആതിഥേയർ ​ഗോൾവേട്ട തുടങ്ങി. 24-ാം മിനിറ്റിൽ മർക്കോ അസെൻസിയോയിലൂടെ റയൽ ലീഡുയർത്തി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ലി കാങ് ഇന്നിലൂടെ മയ്യോർക്ക് ഒരു ​ഗോൾ മടക്കി. 29-ാം മിനിറ്റിൽ വീണ്ടും വലകുലുക്കി അസെൻസിയോ റയലിന്റെ രണ്ട് ​ഗോൾ ലീഡ് തിരിച്ചുപിടിച്ചു.

പിന്നീട് 55-ാം മിനിറ്റിൽ വീണ്ടും വലകുലുക്കി അസെൻസിയോ ഹാട്രിക്ക് തികച്ചു. 78-ാം മിനിറ്റിൽ ബെൻസിമ തന്റെ രണ്ടാം ​ഗോളും നേടിയതോടെ റയൽ വമ്പൻ ജയം ഉറപ്പിച്ചു. 84-ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ഇസ്കോ വഴി റയൽ മയ്യോർക്കയുടെ പെട്ടിയിൽ ആറാമത്തെ ആണിയുമടിച്ചു. മറ്റൊരു ലാ ലി​ഗ മത്സരത്തിൽ വിയ്യാറയൽ എൽഷെയെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് പരാജയപ്പെടുത്തി.

ഇറ്റലിയിലെ സെരി എയിൽ സ്പെസിയയെ തോൽപ്പിച്ച് യുവന്റസ് സീസണിലെ ആദ്യജയം നേടി. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു യുവെയുടെ ജയം. മറ്റൊരു മത്സരത്തിൽ വെനെസിയയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് എസി മിലാൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്തി.

ഫ്രഞ്ച് ലീ​ഗിലെ തുടർച്ചയായ ഏഴാം മത്സരത്തിലും വിജയിച്ച് പിഎസ്ജി ഒന്നാം സ്ഥാനം നിലനിർത്തി. ഇന്നലെ നടന്ന മത്സരത്തിൽ എഫ്സി മെറ്റ്സിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് പിഎസ്ജി തകർത്തത്. അഷ്‌റഫ് ഹക്കീമിയാണ് പിഎസ്ജിക്കായി രണ്ട് ​ഗോളും നേടിയത്.