SHARE

റഷ്യയിൽ നടന്ന ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ ലോകശ്രദ്ധയാകർഷിച്ച താരമാണ് റഷ്യയുടെ അലക്സാണ്ടർ ​ഗോളോവിൻ. സൗദി അറേബ്യയെ ​ഗോൾമഴയിൽ മുക്കിയ മത്സരത്തിൽ ഒരു ​ഗോൾ നേടിയ ​ഗോളോവിൻ രണ്ടെണ്ണത്തിന് വഴിയൊരുക്കി. റഷ്യ ലോകകപ്പിന്റ ക്വാർട്ടർ ഫൈനലിലുമെത്തിയതോടെ ​ഗോളോവിന്റെ താരമൂല്യമുയർന്നു.

ഇംഗ്ലീഷ് ക്ലബുകളായ ചെൽസി, ആഴ്സനൽ, ഇറ്റാലിയൻ ക്ലബ് യുവന്റസ്, ഫ്രഞ്ച് ക്ലബ് മൊണാക്കോ തുടങ്ങിയവരാണിപ്പോൾ ​ഗോളോവിന്റെ പിന്നാലെയുള്ളത്. നിലവിൽ റഷ്യൻ ക്ലബ് സി.എസ്.കെ.എ മോസ്കോയുടെ കളിക്കാരനാണ് ​ഗോളോവിൻ. നാല് സീസണുകളായി മോസ്കോയിൽ കളിക്കുന്ന ​ഗോളോവിൻ, 113 മത്സരങ്ങളിൽ ക്ലബിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. റഷ്യൻ ദേശീയ ടീമിനായി 23 തവണയും 22-കാരനായ ​ഗോളോവിൻ കളിക്കാനിറങ്ങിയിട്ടുണ്ട്.

നലിവൽ ചെൽസി തന്നെയാണ് ​ഗോളോവിനായുള്ള മത്സരത്തിൽ മുന്നിൽ. ​ഗോളോവിനെ ചെൽസി സ്വന്തമാക്കിയതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് സി.എസ്.കെ.എ അധികൃതർ നിഷേധിച്ചു. എന്നാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ​ഗോളോവിന്റെ ഭാവിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് റഷ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ചെൽസിയുടെ പുതിയ പരിശീലകനായ മൗറീഷ്യോ സാരി, മധ്യനിര ഇപ്പോഴും ശക്തമായില്ലെന്ന് പറഞ്ഞതും ​ഗോളോവിനെ ലക്ഷ്യമിട്ടാണന്നും വാർത്തകളുണ്ട്.