SHARE

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ ഗോൾ മഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത 6 ഗോളുകൾക്കാണ് അവരുടെ ജയം. സെർജിയോ അഗ്യൂറോയുടെ ഹാട്രിക്കും, റഹീം സ്റ്റെർലിംഗിന്റെ ഇരട്ട ഗോളുകളുമാണ് സിറ്റിയെ വമ്പൻ ജയത്തിലേക്ക് നയിച്ചത്‌. മത്സരത്തിന്റെ ആദ്യ പകുതിയിൽ സിറ്റി 4-0 ന് മുന്നിട്ട് നിന്നു.

എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലാം മിനുറ്റിൽ ത്തന്നെ ആതിഥേയർ ആദ്യ വെടി പൊട്ടിച്ചു‌. റഹീം സ്റ്റെർലിംഗായിരുന്നു ഗോൾ സ്കോറർ. പതിമൂന്നാം മിനുറ്റിൽ ഗോൾ ലീഡുയർത്തിയ അഗ്യൂറോ, 19, 56 മിനുറ്റുകളിൽ തന്റെ ഹാട്രിക് തികച്ചു. ഇരുപത്തിയഞ്ചാം മിനുറ്റിൽ ഗുണ്ടോഗനും, എൺപതാം മിനുറ്റിൽ റഹീം സ്റ്റെർലിംഗും സിറ്റിയുടെ ബാക്കി ഗോളുകൾ നേടി. വിജയത്തോടെ സിറ്റി, പോയിന്റ് പട്ടികയിൽ ഒന്നാമതുമെത്തി. ചെൽസി ആറാം സ്ഥാനത്താണ്.

സ്പാനിഷ് ലാലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണയെ, അത്ലറ്റിക് ക്ലബ്ബ് ഗോൾരഹിത‌ സമനിലയിൽ കുടുക്കി. ഇറ്റാലിയൻ ലീഗിൽ യുവന്റസ്, സാസുളോയേ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു‌. ഒരു ഗോളും ഒരു അസിസ്റ്റുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞ മത്സരത്തിലാണ് യുവന്റസിന്റെ ജയം.