SHARE

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ അട്ടിമറികളുടെ ദിനം. കുഞ്ഞന്മാരുടെ അപ്രതീക്ഷിത അടിയിൽ വീണത് വമ്പന്മാർ. പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ള മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമാണ് അട്ടിമറികളിൽ വീണത്. മാഞ്ചസ്റ്ററിൽ തങ്ങളുടെ സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ചത് ക്രിസ്റ്റൽ പാലസാണ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പാലസിന്റെ അട്ടിമറി ജയം. മത്സരത്തിൽ ആദ്യം മുന്നിലെത്തിയതിന് ശേഷമായിരുന്നു സിറ്റി പരാജയം നുണഞ്ഞത്. ചെൽസിയും അട്ടിമറിയിൽ വീണത് സ്വന്തം കാണികൾക്ക് മുന്നിലായിരുന്നു. വീഴ്ത്തിയത് ലെസ്റ്റർ സിറ്റിയും. സൂപ്പർ താരം ജെയ്മി വാർഡി 51-ം മിനുറ്റിൽ നേടിയ ഏകഗോളിലാണ് ചെൽസിയെ, ലെസ്റ്റർ പരാജയപ്പെടുത്തിയത്.

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മറ്റ് പ്രധാന പോരാട്ടത്തിൽ ആഴ്സനൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബേൺലിയെ മറികടന്നു. ഫ്രെഞ്ച് ലീഗിൽ കരുത്തരായ പി.എസ്.ജി 1-0 ന് നാന്റസിനേയും, ഇറ്റാലിയൻ സീരി എ യിൽ യുവന്റസ് 1-0 ന് റോമയേയും പരാജയപ്പെടുത്തി.

സ്പാനിഷ് ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ബാഴ്സലോണയും, അത്ലറ്റിക്കോ മാഡ്രിഡും ജയം കണ്ടു. സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെൽറ്റാ ഡി വിഗോയെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ഡെംബലെ, ലയണൽ മെസി എന്നിവർ ബാഴ്സയുടെ ഗോളുകൾ നേടി. എസ്പാന്യോളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോ മാഡ്രിഡ് കീഴടക്കിയത്.