SHARE

കഴിഞ്ഞ ദിവസം നടന്ന യൂറോപ്യൻ ലീഗ് മത്സരങ്ങളിൽ പ്രമുഖ ടീമുകളായ ബാഴ്സലോണ, പി.എസ്.ജി, യുവന്റസ് എന്നിവർക്ക് വിജയം. സ്പാനിഷ് ലാലീഗ മത്സരത്തിൽ റയൽ വല്ലഡോയിഡിനെതിരെ ബാഴ്സലോണ കഷ്ടിച്ച് ജയിച്ചപ്പോൾ, ഇറ്റാലിയൻ ലീഗിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലാസിയോയെ യുവന്റസും, ഫ്രെഞ്ച് ലീഗിൽ അംഗേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജി യും പരാജയപ്പെടുത്തി.

യുവതാരം ഉസ്മാൻ ഡെംബലെ നേടിയ ഏകഗോളിനാണ് റയൽ വലിഡോയിഡിനെ ബാഴ്സ മറികടന്നത്. വിരസമായ ആദ്യ പകുതിക്ക് ശേഷം അമ്പത്തിയേഴാം മിനുറ്റിലായിരുന്നു ഡെംബലെയുടെ വിജയ ഗോൾപിറന്നത്. അതേ സമയം സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ലാസിയോയെ മറികടന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്താനാവാതെ വന്നെങ്കിലും മരിയോ മാൻസൂക്കിച്ചും, പാനിച്ചും നേടിയ ഗോളുകൾ അവർക്ക് മൂന്ന് പോയിന്റുകൾ സമ്മാനിക്കുകയായിരുന്നു.

പി.എസ്.ജി യുടെ തകർപ്പൻ പ്രകടനം കണ്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ അംഗേഴ്സിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ നെയ്മർ, കവാനി, എംബാപ്പെ എന്നിവരാണ് പി.എസ്.ജി യുടെ ഗോളുകൾ നേടിയത്.