SHARE

നിലവിലെ സാഹചര്യത്തിൽ നിന്ന് അർജന്റീനയെ രക്ഷിക്കാൻ യോഹാൻ ക്രൈഫിന് പോലുമാകില്ലെന്ന് മുൻ പരിശീലകൻ സെസാർ ലൂയിസ് മെനോറ്റി. നിലവിൽ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഡയറക്ടറാണ് മെനോറ്റി. അർജന്റീനയെ ആദ്യ ലോകകപ്പ് ജയത്തിലേക്ക് നയിച്ച പരിശീലകനെന്ന നിലയിൽ ശ്രദ്ധേയനാണ് മെനോറ്റി.

കോപ്പാ അമേരിക്കയിലെ ആദ്യ മത്സരത്തിൽ തോൽക്കുകയും രണ്ടാം മത്സരത്തിൽ സമനിലയാകുകയും ചെയ്തതോടെ അർജന്റീനയുടെ ടൂർണമെന്റ് ഭാവി തന്നെ സംശയത്തിലാണ്. ഈ സാഹചര്യത്തിൽ ടീമിനെക്കുറിച്ച് രൂക്ഷമായ വിമർശനമാണ് മെനോറ്റി നടത്തിയത്. വിഖ്യാതനായ യൊഹാൻ ക്രൈഫ് ഇന്നുണ്ടായിരുന്നെങ്കിൽ പോലും ഇന്നത്തെ അർജന്റീന ടീമിന്റെ ചരിത്രം മാറ്റിയെഴുതാനാകില്ല. പെപ് ​ഗ്വാർഡിയോള എത്തിയാലും ടീമിലെ പ്രശ്നങ്ങൾ അവസാനിക്കില്ല, മെനോറ്റി പറയുന്നു

അർജന്റീന ലീ​ഗിലെ ക്ലബുകളേയും മെനോറ്റി രൂക്ഷമായി വിമർശിച്ചു. മികച്ച അർജന്റീന താരങ്ങൾക്ക് ദേശീയ ടീമിലെ സഹതാരങ്ങളുമായി ചേർന്ന് പരിശീലകന നടത്താനും ടീമുമായി കൂടുതൽ പരിചയമാകാനും സാഹചര്യമൊരുക്കണം. ഇതിനായി അസോസിയേഷൻ തീരുമാനമെടുത്തതായിരുന്നു. എന്നാൽ ക്ലബുകൾ ഇതിന് തയ്യാറായില്ല, അർജന്റീന ടൂർണമെന്റുകളിൽ നിന്ന് പുറത്താകണമെന്നാ​ഗ്രഹിക്കുന്നവർ പോലമുണ്ട്, മെനോറ്റി പറഞ്ഞു.