SHARE

സമീപകാല ഫുട്ബോളിലെ ഏറ്റവും മികച്ച തിരിച്ചുവരവായിരുന്നു ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ ബാഴ്സലോണക്കെതിരെ ലിവർപൂൾ നടത്തിയത്. ആദ്യപാദം മൂന്ന് ​ഗോളിന് തോറ്റ ലിവർപൂൾ സ്വന്തം മൈതാനമായ ആൻഫിൽഡിൽ രണ്ടാം പാദം നാല് ​ഗോളടിച്ച് ജയിച്ചപ്പോൾ അമ്പരന്നത് ലോകം മുഴുവനുമാണ്

സൂപ്പർതാരങ്ങളായ മുഹമ്മദ് സാലയും റോബർട്ടോ ഫിർമിന്യോയുമില്ലാതെ ലിവർപൂൾ നടത്തിയ ആ വൻ തിരിച്ചുവരവിൽ ആർക്കും ഒരു പ്രതീക്ഷയുമില്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാദിയോ മാനെ. ഒരു ഫ്രഞ്ച് ടി.വി.പരിപാടിയിലാണ് മാനെ ഇക്കാര്യം പറഞ്ഞത്. അത്തരമൊരു തിരിച്ചുവരവ് നടത്താനാകുമെന്ന് കാര്യത്തിൽ പരിശീലകൻ യുർ​ഗൻ‍ ക്ലോപിന് പോലും വിശ്വാസമില്ലായിരുന്നു, മത്സരത്തിന് മുമ്പ് അദ്ദേഹം ഞങ്ങളെ പരമാവധി പ്രോത്സാഹിപ്പിച്ചിരുന്നു, എങ്കിൽ പോലും അദ്ദേഹത്തിന് പ്രതീക്ഷയില്ലായിരുന്നു, മാനെ പറ‍ഞ്ഞു

2005-ലെ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ എ.സി.മിലാനെ അട്ടിമറിച്ചതിന് സമാനമായ തിരിച്ചുവരവായിരുന്നു ബാഴ്സക്കെതിരെ ലിവർപൂളിന്റേത്. ഡിവോക്ക് ഒറി​ഗി, ജോർജിന്യോ വൈനാൾഡം എന്നിവർ നേടിയ ഇരട്ട​ഗോളുകളുടെ ബലത്തിലാണ് ചെമ്പട കറ്റാലൻ ടീമിനെ തകർത്തുവിട്ടത്