SHARE

ഏഴ് ടീമുകളാണ് ഈ ലോകകപ്പിൽ, ഇതേ വരെ കളിച്ച തങ്ങളുടെ രണ്ട് മത്സരങ്ങളും വിജയിച്ചത്. ഇവയിൽ ആറ് ടീമുകളും പ്രീക്വാർട്ടർ യോഗ്യത ഉറപ്പിച്ചപ്പോൾ മെക്സിക്കൻ ടീമിന്റെ കാര്യം മാത്രമാണ് ഇപ്പോളും അനിശ്ചിതത്വത്തിലുള്ളത്‌.

ജർമ്മനിക്കും, ദക്ഷിണ കൊറിയക്കുമെതിരെ നടന്ന തങ്ങളുടെ ആദ്യ മത്സരങ്ങളിൽ വിജയിച്ചെങ്കിലും തങ്ങളുടെ അവസാന മത്സരത്തിൽ സ്വീഡനെതിരെ സമനിലയെങ്കിലും നേടിയാലേ ഗ്രൂപ്പിലെ മറ്റുള്ള മത്സരഫലത്തെ ആശ്രയിക്കാതെ മെക്സിക്കോ യ്ക്ക് പ്രീക്വാർട്ടറിലെത്താൻ കഴിയൂ. മറിച്ച് ചൊവ്വാഴ്ച നടക്കുന്ന മത്സരങ്ങളിൽ സ്വീഡൻ മെക്സിക്കോയേയും, ജെർമ്മനി ദക്ഷിണ കൊറിയയേയും തോൽപ്പിക്കുകയാണെങ്കിൽ ഗ്രൂപ്പ് എഫിലെ മൂന്ന് ടീമുകൾക്ക് 6 പോയിന്റുകൾ വീതമാകും. ഇങ്ങനെ വരികയാണെങ്കിൽ ഗോൾ വ്യത്യാസവും മറ്റും നോക്കിയാവും പ്രീക്വാർട്ടർ യോഗ്യത തീരുമാനിക്കപ്പെടുക. ഇത്തരമൊരു സാഹചര്യം വരുകയാണെങ്കിൽ മെക്സിക്കോ പ്രീക്വാർട്ടർ കാണാതെ പുറത്താകാനുള്ള സാധ്യതയുണ്ട്‌.

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജെർമ്മനിയെ 1-0 ന് ഞെട്ടിച്ച മെക്സിക്കോ, തങ്ങളുടെ രണ്ടാം പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ദക്ഷിണ കൊറിയയെ മറികടക്കുകയായിരുന്നു. അതേ സമയം അവസാന മത്സരത്തിൽ അവരുടെ എതിരാളികളായ സ്വീഡന് കൊറിയയെ തോൽപ്പിച്ചതിൽ നിന്ന് ലഭിച്ച മൂന്ന് പോയിന്റുകളാണുള്ളത്.