SHARE

സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ നിന്ന് കൊളംബിയൻ സൂപ്പർ താരം ഹാമെസ് റൊഡ്രീഗസിനെ സ്വന്തമാക്കി എവർട്ടൺ. ഈ കരാർ നടക്കുമെന്ന കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നുവെങ്കിലും അല്പം മുൻപാണ് കരാർ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്‌.

20 ദശലക്ഷം പൗണ്ടിനാണ് റൊഡ്രീഗസ് ഇപ്പോൾ റയൽ മാഡ്രിഡിൽ ‌നിന്ന് എവർട്ടണിലെത്തിയിരിക്കുന്നത്. വേണമെങ്കിൽ ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള വ്യവസ്ഥയും കോണ്ട്രാക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റൊഡ്രീഗസിനെ ടീമിലെത്തിച്ചതോടെ വരും സീസണിൽ എവർട്ടൺ കൂടുതൽ ശക്തരായ ടീമായി മാറുമെന്ന് ഉറപ്പായി.

എവർട്ടണിന്റെ പരിശീലകൻ കാർലോ ആൻസലോട്ടിയാണ് റൊഡ്രീഗസിനെ ഇംഗ്ലണ്ടിലേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങൾക്ക് ഇത്തവണ ചുക്കാൻ ‌ പിടിച്ചത്.‌ നേരത്തെ റൊഡ്രീഗസിനെ റയൽ മാഡ്രിഡിലും പിന്നീട് ബയേൺ മ്യൂണിക്കിലും പരിശീലിപ്പിച്ചിട്ടുള്ള ആൽസലോട്ടിക്ക് കൊളംബിയൻ താരവുമായി മികച്ച ബന്ധമാണുള്ളത്.

റയൽ മാഡ്രിഡിൽ പരിശീലകൻ സിനദിൻ സിദാന്റെ ടീം തന്ത്രങ്ങളിൽ നിന്ന് പുറത്തായ റൊഡ്രീഗസിനെ ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ വിറ്റൊഴിവാക്കുന്നതിനായി നേരത്തെ മുതൽ അവർ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇതോടെ കാർലോ ആൻസലോട്ടി തന്റെ പ്രിയ ശിഷ്യന് വേണ്ടി രംഗത്തെത്തുകയും, താരത്തെ സ്വന്തമാക്കുന്നതിനായി നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തു‌

2014 ൽ 63 മില്ല്യൺ പൗണ്ടിന് പോർട്ടോയിൽ നിന്ന് ഹാമെസ് റൊഡ്രീഗസിനെ റയൽ മാഡ്രിഡ് വാങ്ങുമ്പോൾ അവരുടെ പരിശീലകനായിരുന്നു ആൻസലോട്ടി. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള നാലാമത്തെ ട്രാൻസ്ഫറായിരുന്നു അന്ന് റൊഡ്രീഗസിന്റേത്. പിന്നീട് റൊഡ്രീഗസ് 2017 ൽ ലോണടിസ്ഥാനത്തിൽ കളിക്കാൻ ബയേൺ മ്യൂണിക്കിൽ എത്തിയപ്പോൾ, അവിടെയും പരിശീലകനായി അൻസലോട്ടിയുണ്ടായിരുന്നു.