SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രഫോർഡിൽ നടന്ന മത്സരത്തിൽ എവർട്ടനാണ് ആതിഥേയരെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി.

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയാണ് യുണൈറ്റഡ് ​ഗ്രൗണ്ടിലിറങ്ങിയത്. എന്നാൽ മത്സരം ആദ്യം പകുതിക്ക് പിരിയുന്നതിന് മുമ്പ് തന്നെ യുണൈറ്റ‍ഡ് ലീഡെടുത്തു. 43-ാം മിനിറ്റിൽ ഫ്രഞ്ച് താരം ആന്റണി മാർഷ്യലാണ് യുണൈറ്റഡിനായി വലകുലുക്കിയത്. ബ്രൂണോ ഫെർണാണ്ടസാണ് ​ഗോളിന് വഴിയൊരുക്കിയത്.

രണ്ടാം പകുതിയിൽ എഡിൻസൻ കവാനിയെ പിൻവലിച്ച് യുണൈറ്റഡ് പരിശീലകൻ ഒലെ ​ഗുണ്ണാർ സോൾഷ്യർ റൊണാൾഡോയെ ഇറക്കി. എന്നാൽ റൊണാൾഡോയിറങ്ങി എട്ട് മിനിറ്റിന്ശേഷം എവർട്ടനാണ് ​ഗോൾ നേടിയത്. കൗണ്ടർ അറ്റാക്കിനൊടുവിൽ ആൻഡ്രോസ് ടൗൺസെൻഡാണ് വലകുലുക്കിയത്. മത്സരത്തിന്റെ 86-ാം മിനിറ്റിൽ യെറി മിന യുണൈറ്റഡ് വലകുലുക്കിയതോടെ മറ്റൊരു അട്ടിമറി പ്രതീക്ഷിച്ചതാണ്. എന്നാൽ റെഫറി ഓഫ്സൈഡ് വിധിച്ചു.

മത്സരം സമനിലയായതോടെ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം യുണൈറ്റഡിന് നഷ്ടമായി. 14 പോയിന്റുണ്ടെങ്കിലും ​ഗോൾവ്യത്യാസത്തിൽ ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. അതേസമയം എവർട്ടൻ മൂന്നാം സ്ഥാനത്തേക്കെത്തി.