SHARE

അയർലൻഡിന്റെ വിഖ്യാത ​ഗോൾകീപ്പർ ജെറി പെയ്റ്റൻ ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഒഡിഷ എഫ്.സിയിലേക്ക്. സഹപരിശീലകനായാണ് ഈ ​ഗോൾകീപ്പറിന്റെ വരവ്. മുഖ്യപരിശീലകനായി സ്റ്റുവാർട്ട് ബാക്സ്റ്ററിനെ പ്രഖ്യാപിച്ച് അധികം വൈകും മുമ്പ് തന്നയാണ് സഹപരിശീലകന്റേയും നിയമനം.

രണ്ട് വർഷത്തെ കരാറിലാണ് ജെറിയുടെ നിയമനം. ബേൺമത്ത്, ഫൂൾഹാം,ചെൽസി തുടങ്ങിയ ഇം​ഗ്ലീഷ് ക്ലബുകൾക്കായി ഏതാണ്ട് 600-ഓളം മത്സരങ്ങളിൽ ​ഗോൾവലകാത്തിട്ടുണ്ട് ജെറി. 1990 ലോകകപ്പിന്റെ ക്വാർട്ടറിലെത്തി ചരിത്രം സൃഷ്ടിച്ച ഐറിഷ് ടീമിൽ ജെറിയുണ്ടായിരുന്നു. 1995-ഓടെ പരിശീലകറോളിൽ ഇറങ്ങിയ ജെറി ജെപ്പാൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകൾക്കൊപ്പം പ്രവർത്തിച്ച ശേഷം 2003-ൽ ആഴ്സനലിലെത്തി.

തുടർന്ന് 15 വർഷം ആഴ്സനലിന്റെ ​ഗോൾകീപ്പിങ് പരിശീലകനായിരുന്നു ജെറി. ദീർഘകാലം വിഖ്യാത പരിശീലകൻ ആഴ്സെൻ വെം​ഗറിനൊപ്പം പ്രവർത്തിച്ച ജെറി, വെം​ഗറിനൊപ്പം ആഴ്സനൽ വിട്ടു. സ്റ്റുവർട്ട് ബാക്സ്റ്ററിനൊപ്പം സ്വീഡിഷ് ക്ലബിൽ രണ്ട് വർഷം പ്രവർത്തിച്ചിട്ടുണ്ട് ജെറി. ഈ പരിചയമാണ് ഇപ്പോൾ ജെറിയെ ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്.