SHARE

ഐ.എസ്.എൽ ക്ലബ് ബെം​ഗളുരു എഫ്.സിയുടെ ആരാധകർക്ക് തിരിച്ചടി നൽകി വെനസ്വേലൻ താരം മിക്കു സ്പാനിഷ് ക്ലബുമായി കരാറിലെത്തി. ബെം​ഗളുരുവിന്റെ മുൻ സൂപ്പർതാരമായ മിക്കു ഇക്കുറി ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇപ്പോൾ സ്പെയിനിലെ മൂന്നാം ഡിവിഷനിൽ കളിക്കുന്ന പ്രധാന ക്ലബായ ഡിപോർട്ടീവോ കോറൂണയിലേക്കാണ് മുന്നേറ്റതാരമായ മിക്കു ചേക്കേറിയത്. ഒരു വർഷത്തെ കരാറിലാണ് ഈ 35-കാരൻ സ്പാനിഷ് ഫുട്ബോളിലേക്ക് മടങ്ങുന്നത്. ​ഗെറ്റാഫെ, വലൻസിയ, റയോ വയ്യാക്കാനോ തുടങ്ങിയ ടീമുകൾക്ക് വേണ്ടി മുമ്പ് മിക്കു സ്പെയിനിൽ കളിച്ചിട്ടുണ്ട്. സൈപ്രസ് ക്ലബ് ഒമോനിയക്കായാണ് മിക്കു ഒടുവിൽ കളിച്ചത്.

2017 മുതൽ രണ്ട് സീസണാണ് മിക്കു ബെം​ഗളുരു ജേഴ്സിയണിഞ്ഞത്. ബെം​ഗളുരുവിനായി 37 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ മിക്കു 25 തവണ എതിർവല കുലുക്കുകയും ചെയ്തു. ബെം​ഗളുരുവിനൊപ്പം ഐ.എസ്.എൽ, സൂപ്പർ കപ്പ് കിരീടങ്ങൾ ചൂടിയിട്ടുണ്ട് മിക്കു.