SHARE

കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായിരുന്നു സ്പാനിഷ് താരം സെർജി സി‍ഡോഞ്ച. പരുക്കിനെത്തുടർന്ന് സീസണിലെ ഭൂരിഭാ​ഗം മത്സരങ്ങളും സിഡോയ്ക്ക് നഷ്ടമായി. എന്നാൽ അടുത്ത സീസണിൽ സിഡോ ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ സീസണിലെ മൂന്നാം മത്സരത്തിലാണ് സിഡോയ്ക്ക് പരുക്കേറ്റത്. ലി​ഗമെന്റ് ഇഞ്ച്വറി നേരിട്ട താരം പിന്നീട് ക്ലബിനായി കളിച്ചില്ല. ഇതോടെ ഇടയ്ക്ക് സ്പാനിഷ് താരം തന്നെയായ ജുവാൻഡെ സിഡോയ്ക്ക് പകരക്കാരനായി എത്തി. എന്നാലിപ്പോൾ വരും സീസണിലേക്കുള്ള വിദേശസൈനിങ്ങുകൾ പരി​ഗണിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ സിഡോയുമുണ്ട്. പ്രശസ്ത ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

സാഹചര്യം പരി​ഗണിക്കുമ്പോൾ സിഡോ ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തിയാൽ താൻ അത്ഭുതപ്പെടില്ലെന്നും മാർക്കസ് ട്വീറ്റ് ചെയ്തു. അതേസമയം തന്നെ ബ്ലാസ്റ്റേഴ്സ് ഇതുവരെ സിഡോയ്ക്ക് മുന്നിൽ ഓഫർ ഒന്നും വച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പാനിഷ് മിഡ്ഫീൽഡറായ സിഡോ 2019-20 സീസണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ആ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 13 മത്സരങ്ങളിലാണ് സിഡോ ബൂട്ടുകെട്ടിയത്. തുടർന്ന് മറ്റെല്ലാ വിദേശതാരങ്ങളേയും ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയെങ്കിലും സിഡോയെ നിലനിർത്തുകയായിരുന്നു.