SHARE
ഗാബി(14)

സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിന്റെ പരിശീലകസംഘത്തിൽ മാറ്റങ്ങൾ വരുന്നു. ക്ലബിനെ ഏറെ നേട്ടങ്ങളിലേക്ക് നയിച്ച നായകൻ ​ഗാബി ഫെർണാണ്ടസ് ക്ലബിന്റെ സഹപരിശീലകനാകും. മറ്റൊരു സഹപരിശീലകനായിരുന്ന ജെർമൻ ബർ​ഗോസ് ക്ലബ് വിട്ട ഒഴിവിലേക്കാണ് മുൻ നായകൻ എത്തുന്നത്.

സൂപ്പർ പരിശീലകൻ ഡീ​ഗോ സിമിയോണിയുടെ സംഘത്തിലെ രണ്ടാമനായിരുന്നു ബർ​ഗോസ്. എന്നാൽ സ്വതന്ത്രപരശീലക റോൾ തേടി ബർ​ഗോസ് പോയതോടെയാണ് ​ഗാബിയുടെ തിരിച്ചുവരവ്. അതേസമയം പരിശീലകസംഘത്തിലെ രണ്ടാമനായിട്ടില്ല ​ഗാബിയുടെ നിയമനം. മറ്റൊരു അർജന്റീനക്കാരനായ നെൽസൻ വിവാസിനാണ് ആ ചുമതല.

-Advertisement-

സിമിയോണിയുമായുള്ള അടുത്ത ബന്ധമാണ് ​ഗാബിയെ പുതിയ റോളിലെത്താൻ പ്രേരിപ്പിച്ചത്. അടുത്ത സീസൺ തുടക്കത്തിൽ മാത്രമെ ​ഗാബി ചുമതലയേറ്റെടുക്കു. ഖത്തർ ക്ലബ് അൽ സാദിനായി ഒടുവിൽ കളിച്ച ​36-കാരനായ ​ഗാബിയുടെ കരാർ അടുത്ത മാസം അവസാനിക്കും. ഇതോടെ വിരമിക്കൽ പ്രഖ്യാപിക്കാനാണ് താരം ഒരുങ്ങുന്നത്.

2011 മുതൽ ഏഴ് സീസണാണ് സ്പാനിഷ് മധ്യനിരതാരമായ ​ഗാബി അത്ലെറ്റിക്കോയ്ക്കായി കളിച്ചത്. അതിനുമുമ്പ് 2004 മുതൽ മൂന്ന് സീസണിലും ക്ലബിനായി കളിച്ചിട്ടുണ്ട്. ഈ രണ്ട് ഘട്ടങ്ങളിലായി 400-ലേറെ മത്സരങ്ങളാണ് ​ഗാബി ക്ലബിനായി കളിച്ചത്. ക്ലബിനായി ലാ ലി​ഗ, യൂറോപ്പാ ലീ​ഗ് കിരീടങ്ങളുയർത്തിയ ​ഗാബി രണ്ട് തവണ അത്ലറ്റിക്കോയെ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിലേക്ക് നയിച്ചു.