SHARE

ഈസ്റ്റ് ബം​ഗാളിന്റെ പരിശീലകൻ റോബി ഫൗളറിന് തന്റെ മികവ് ഇനിയുമേറെ തെളിയിക്കാനുണ്ടെന്ന് വിഖ്യാത ഇന്ത്യൻ പരിശീലകൻ സുഭാഷ് ഭൗമിക്ക്. നാളെ ഈ സീസണിലെ ആദ്യ കൊൽക്കത്ത ഡെർബി നടക്കാനിരിക്കെയാണ് മുമ്പ് ഈസ്റ്റ് ബം​ഗാളിന് ഏറെ നേട്ടങ്ങൾ സമ്മാനിച്ച ഭൗമിക്ക് ഇക്കാര്യം പറഞ്ഞത്.

പരിശീലകനെന്ന നിലയിൽ ഫൗളറിന് തെളിയിക്കാനേറെയുണ്ട്, എന്തെങ്കിലും പ്രധാനപ്പെട്ട കിരീടങ്ങൾ ഫൗളർ പരിശീലനെന്ന നിലയിൽ നേടിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, കളിക്കാരനെന്ന നിലയിൽ ഫൗളർ വളരെ മികവുറ്റ പ്രകടനം നടത്തി, എന്നാൽ പരിശീലകനായി തെളിയിക്കണമെങ്കിൽ ഫൗളറിന് കിരീടങ്ങൾ നേടിയെടുത്തേപറ്റു, ഭൗമിക്ക് പറഞ്ഞതായി ​ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.

അതേസമയം എ.ടി.കെ പരിശീലകനായി അന്റോണിയോ ലോപ്പസ് ഹബാസിനെ ഭൗമിക്ക് പുകഴ്ത്തുകയും ചെയ്തു. കളി ജയിപ്പിക്കേണ്ടതെങ്ങനെയെന്ന് ഹബാസിന് നന്നായി അറിയാം, മുമ്പ് ഹബാസ് കിരീടങ്ങളും നേടിയിട്ടുണ്ട്, പ്രതിരോധത്തിൽ ഏറെ കരുത്തുറ്റ ഹബാസിന്റെ ടീമിനെ വീഴ്ത്താൻ പ്രയാസമാണ്, ഭൗമിക്ക് പറഞ്ഞു.