SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാളിനെച്ചുറ്റിപ്പറ്റി വാക്പോര് രൂക്ഷം. ക്ലബ് പരിശീലകൻ റോബി ഫൗളറിന്റെ ഇന്ത്യൻ താരങ്ങൾക്കെതിരെയുള്ള വിമർശനത്തിനെതിരെ ക്ലബ് മുൻ സൂപ്പർതാരങ്ങൾ രം​ഗത്തെത്തിയിരിക്കുകയാണിപ്പോൾ.

കഴിഞ്ഞ ദിവസം മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ ഈസ്റ്റ് ബം​ഗാൾ ദയനീയമായി തോറ്റിരുന്നു. ഇതിനുപിന്നാലെ പത്രസമ്മേളനത്തിൽ, ചില ഇന്ത്യൻ താരങ്ങൾക്ക് മുമ്പ് പരിശീലനം കിട്ടിയതായി തനിക്ക് തോന്നുന്നില്ലെന്നാണ് ഫൗളർ പറഞ്ഞത്. ഫൗളറിന്റെ ഈ പ്രതികണം ക്ലബിന്റെ മുൻ സൂപ്പർതാരങ്ങളായ സുഭാഷ് ഭൗമിക്കിനേയും ശ്യാം ഥാപയേയും ചൊടിപ്പിച്ചു. ഇരുവരും ഫൗളറിനെതിരെ രം​ഗത്തെത്തി.

മികച്ച പരിശീലകൻ എന്ന് പേര് ലഭിക്കുന്നതിനായി ഇനിയും ഏറെ ദൂരം ഫൗളറിന് സഞ്ചരിക്കണമെന്നതിന്റെ തെളിവാണ് ഈ പ്രതികരണം, കളിക്കാരോട് പരിശീലകന് എന്ത് വേണമെങ്കിലും പറയാം, കുറ്റപ്പെടുത്താം, പക്ഷെ അതൊക്കെ ഡ്രെസിങ് റൂമിന്റെ അടഞ്ഞ വാതിലുകൾക്കുള്ളിലാകണം, പരസ്യമായി കളിക്കാരെ പിന്തുണയ്ക്കണം, അല്ലെങ്കിൽ പരിശീലകനെന്ന നിലയിൽ തനിക്ക് കളിക്കാരോട് കൃത്യമായി ആശയവിനിമയം നടത്താനായില്ലെന്ന് പറയണം, ഭൗമിക്ക് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മികച്ച കളിക്കാർ എപ്പോഴും മികച്ച പരിശീലകരായിരിക്കണമെന്നില്ലെന്നും ഭൗമിക്ക് കൂട്ടിച്ചേർത്തു.

ഈസ്റ്റ് ബം​ഗാൾ ടീമില വിദേശതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഥാപ ഫൗളറിനെതിരെ തിരിഞ്ഞത്. ടീമിലെ ഇന്ത്യന് താരങ്ങൾ മോശമായിരിക്കാം, പക്ഷെ വിദേശതാരങ്ങളുടെ അവസ്ഥയോ, അവർക്ക് കുറേക്കൂടി നന്നായി കളിക്കാമായിരുന്നു, ഥാപാ പറഞ്ഞു.