SHARE

അടുത്ത ഐ-ലീ​ഗ് സീസണിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന ശ്രീനിധി എഫ്.സി പരിശീലകനായി സാന്റിയാ​ഗോ വരേലയെ നിയമിക്കുന്നു. ​ഗോകുലം കേരളയുടേയും ചർച്ചിൽ ബ്രദേഴ്സിന്റേയും മുൻ പരിശീലകനാണ് സ്പെയിനിൽ നിന്നുള്ള വരേല. ​ഗോൾ ഡോട്ട് കോം ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുള്ള ക്ലബാണ് ശ്രീനിധി. കഴിഞ്ഞ വർഷമാണ് കോർപ്പറേറ്റ് എൻട്രിയിലൂടെ ശ്രീനിധി എഫ്.സിയുടെ ഐ-ലീ​ഗ് പ്രവേശനം അം​ഗീകരിച്ചത്. ഇതോടെ 2021-22 സീസണിൽ ഐ-ലീ​​ഗിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ശ്രീനിധി. ഇതിനായി ടീം ഒരുക്കുകയാണിപ്പോൾ. ഇതിന്റെ ഭാ​ഗമായാണ് പരിശീലകനായി വരേലയെ എത്തിക്കുന്നത്.

അർജന്റീനയിൽ ജനിച്ച വരേല കുറേ വർഷങ്ങളായി സ്പെയിനിൽ ഫുട്ബോൾ പരിശീലകനാണ്. 2018-ലാണ് വരേല ​ആദ്യമായി ​ഗോകുലത്തിലെത്തുന്നത്. ക്ലബിനെ കേരളാ പ്രീമിയർ ലീ​ഗിൽ ജേതാക്കളാക്കാൻ വരേലയ്ക്കായി. എന്നാൽ സീസൺ തുടങ്ങും മുമ്പ് അദ്ദേഹം വ്യക്തപരമായ കാരണങ്ങളാൽ ക്ലബ് വിട്ടു.

പിന്നീട് 2019-ൽ വരേല ​ഗോകുലത്തിൽ തിരിച്ചെത്തി. ​ചരിത്രമെഴുതിയ ​ഗോകുലത്തിന്റെ ഡ്യൂറാൻഡ് കപ്പ് വിജയത്തിന് പിന്നിൽ വരേലയുടെ തന്ത്രങ്ങളായിരുന്നു. തുടർന്ന് വരേലയ്ക്ക കീഴിൽ ഭേദപ്പെട്ട പ്രകടനം ​ഗോകുലം നടത്തി. എന്നാൽ സീസണിനിടയ്ക്ക് വരേല വീണ്ടും ക്ലബ് വിട്ടു. പിന്നീട് കഴിഞ്ഞ ഐ-ലീ​ഗ് സീസണിൽ ചർച്ചിൽ ബ്രദേഴ്സിന്റെ പരിശീലകനായി വരേല ​ഇന്ത്യയിൽ തിരിച്ചെത്തി. ഒരു ഘട്ടത്തിൽ വരേലയുടെ കിഴീൽ ​ചർച്ചിൽ കിരീടം ഏതാണ്ട് ഉറപ്പിച്ചതാണ്. എന്നാൽ അവസാനനിമിഷം ​ഗോകുലത്തിന് മുന്നിൽ കിരീടം അടിയറവ് വയ്ക്കേണ്ടിവന്നു