SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ അടുത്ത പതിപ്പിൽ പങ്കെടുക്കാനൊരുങ്ങുന്ന പുതിയ ടീമാണ് അഹമ്മദാബാദിൽ നിന്നുള്ളത്. അതേസമയം ബിസിസിഐയുടെ അന്തിമ അനുമതി ലഭിച്ചാൽ മാത്രമം അഹമ്മദാബാദ് ടീം ലീ​ഗിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകു.

അഹമ്മദാബാ​ദിനൊപ്പം ലഖ്നൗവിൽ നിന്നുള്ള ടീമും അടുത്ത ഐപിഎല്ലിൽ കളിക്കും. സിംബാവെയുടെ ഇതിഹാസതാരമായ ആൻഡി ഫ്ലവറിനെ അവർ പരിശീലകനായും നിയമിച്ചുകഴിഞ്ഞു. എന്നാൽ ബിസിസിഐയുടെ അന്തിമ അനുമതി കിട്ടുന്നവരെ ഒരു പ്രഖ്യാപനവും അഹമ്മദാബാദിന് നടത്താനാകില്ല. എങ്കിലും ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റയാകും വരുന്ന സീസണിൽ ടീമിന്റെ ഹെഡ് കോച്ച്.

ഐപിഎല്ലുമായി ബന്ധപ്പെട്ട ഉന്നതനായ ഒരാൾ ഇക്കാര്യം അറിയിച്ചതായി പിടിഐയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻ ഇം​ഗ്ലീഷ് താരം വിക്രം സോളാങ്കി ടീമിന്റെ ഡയറ്കടറായേക്കുമെന്നും, മുൻ ഇന്ത്യൻ പരിശീലകനും ദക്ഷിണാഫ്രിക്കയുടെ വിഖ്യാത താരവുമായ ​ഗാരി കിർസ്റ്റനെ ടീം മെന്റർ സ്ഥാനത്തേക്കും പരി​ഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു