SHARE

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ക്യാപ്റ്റൻ ആഷ്ലി യങ് ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്തുന്നു. തന്റെ മുൻ ക്ലബ് തന്നെയായ ആസ്റ്റൺ വില്ലയിലൂടെയാണ് യങ്ങിന്റെ തിരിച്ചുവരവ്. ഒരു വർഷത്തെ കരാറാണ് വില്ലയുമായി യങ് ഒപ്പുവച്ചത്.

വിങ്ങറായും ഫുൾബാക്കായുമൊക്കെ കളിക്കുന്ന യങ് 2019-ലാണ് യുണൈറ്റഡിന്റെ സ്ഥിരം ക്യാപ്റ്റനാകുന്നത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം, 2020-ലെ ട്രാൻസ്ഫർ ജാലകത്തിൽ യങ് അപ്രതീക്ഷിതമായി ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനിലേക്ക് ചേക്കേറി. തുടർന്ന് ആ സീസണും, ഇക്കഴിഞ്ഞ സീസണും യങ് ഇന്ററിൽ തുടർന്നു. കഴിഞ്ഞ സീസണിൽ ഇന്ററിന്റെ സെരി എ കിരീടനേട്ടത്തിലും ഈ 35-കാരൻ നിർണായക പങ്ക് വഹിച്ചു. ഇന്റർ പരിശീലകനായിരുന്ന അന്റോണിയോ കോണ്ടെ ക്ലബ് വിട്ടതിന് പിന്നാലെയാണ് യങ്ങും ഇന്ററിനേട് വിടപറയുന്നത്.

ഇം​ഗ്ലണ്ടിൽ തന്നെ വാറ്റ്ഫോർഡ്, ബേൺലി എന്നീ ക്ലബുകളും യങ്ങിനായി രം​ഗത്തുണ്ടായിരുന്നു. എന്നാൽ വില്ലയിലേക്ക് മടങ്ങാനായിരുന്നു യങ്ങിന്റെ തീരുമാനം. 2006 മുതൽ 2011 വരെയാണ് മുമ്പ് യങ് വില്ലിയിൽ കളിച്ചത്. 190 മത്സരങ്ങൾ വില്ല ജേഴ്സിയണിഞ്ഞ യങ്ങിന്റെ മിന്നുന്ന പ്രകടനമാണ്, 2011-ൽ താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡിനെ പ്രരിപ്പിച്ചത്.