SHARE

കളിച്ചിരുന്ന കാലത്ത് എതിരാളികളെ വിറപ്പിച്ചിരുന്ന പന്തുകളാണ് ഹെന്റി ഒലോങ്ക എന്ന സിംബാവെക്കാരൻ എറിഞ്ഞിരുന്നത്. എന്നാലിപ്പോൾ കളിക്കളത്തോട് വിരമിച്ച് ഏതാണ്ട് 20 വർഷത്തിന് ശേഷം തന്റെ ഏറുകളുമായി വീണ്ടും എതിരാളികളെ വിറപ്പിക്കുന്ന കാര്യം ആലോചിക്കുകയാണ് ഒലോങ്ക. എന്നാൽ ക്രിക്കറ്റല്ല ഇനി തന്റെ കായികയിനമെന്നാണ് ഓലോങ്ക പറയുന്നത്.

46-കാരനായ ഓലോങ്കയ്ക്ക് ഇപ്പോൾ അത്ലെറ്റിക്ക്സിലാണ് കമ്പം കയറിയിരിക്കുന്നത്. പ്രത്യേകിച്ച് ജാവലിൻ ത്രോയിൽ. അതിന് കാരണമായതാകട്ടെ ഇന്ത്യയിൽ നിന്നുള്ള ഒളിംപിക് ചാമ്പ്യൻ നീരജ് ചൊപ്രയും. സ്പോർട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ഓലോങ്ക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നീരജിന്റെ ഒളിംപിക്സ് സ്വർണം നേട്ടം എനിക്ക് ശരിക്കും പ്രചോദനമായി, ഇതോടെയാണ് എനിക്ക് സന്തോഷം നൽകുന്ന ഒന്ന് എന്ന നിലയിൽ അത്ലെറ്റിക്സിലേക്ക് തിരിയാൻ ആലോചിക്കുന്നത്, കഴിഞ്ഞ വർഷം തന്നെ അത്ലെറ്റിക്സിലേക്ക് വരാനായിരുന്നു എന്റെ പദ്ധതി, എന്നാൽ ഇതിനിടയിൽ പരുക്കേറ്റത് തിരിച്ചടിയായി, ഇനി അടുത്ത നീക്കങ്ങളിലേക്ക് കടക്കാനാണ് ആലോചന, ഒലോങ്ക പറഞ്ഞു.

ഒരു വിനോദം എന്ന നിലയിൽ അത്ലെറ്റിക്സിലേക്ക് ചുവടുമാറ്റനാണ് ആ​ഗ്രഹമെങ്കിലും മത്സരപ്പോരാട്ടങ്ങളും ഒലോങ്കയുടെ മനസിലുണ്ട്. ഒരുപക്ഷെ അമ്പതാം വയസിൽ തന്നെ കോമൺവെൽത്ത് ​ഗെയിംസിൽ കണാനായേക്കുമെന്ന് തമാശയായി, മൂന്ന് ലോകകപ്പുകളിൽ സിംബാവെയ്ക്കായി കളിച്ച ഒലോങ്ക പറഞ്ഞു.