SHARE

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ മലയാളി താരം സഞ്ജും സാസംനെ ഉൾപ്പെടുത്താതിരുന്നത് വിമർശനങ്ങൾക്ക് വഴിവച്ചു. സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിനെ ടീമിൽ ഉൾക്കൊള്ളിക്കുമെന്ന് ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ സഞ്ജുവിനെ തഴയുകയും സമീപകാലത്ത് നിരാശപ്പെടുത്തിയ റിഷഭ് പന്തിന് വീണ്ടും അവസരം നൽകുകയും ചെയ്തപ്പോൾ ആരാധകർ നിരാശരായി.

ലോകകപ്പ് സ്ക്വാ‍ഡിൽ നിന്നുള്ള തഴയലിന് പിന്നാലെ ന്യൂസീലൻഡിനെതിരായ അനൗദ്യോ​ഗിക വൈറ്റ് ബോൾ സീരീസിനുള്ള ഇന്ത്യ ഏ ടീമിനെ നയിക്കാൻ സഞ്ജുവിനെ തിരഞ്ഞെടുത്തു. ആരാധകരുടെ പ്രതിഷേധം തണുപ്പിക്കാനാണ് ബിസിസിഐ ഈ നീക്കം നടത്തിയതെന്നാണ് പറയപ്പെടുന്നത്. പാകിസ്ഥാന്റെ മുൻ സ്പിന്നർ ഡാനിഷ് കനേറിയയും ഇതേ കാര്യമാണിപ്പോൾ പറഞ്ഞിരിക്കുന്നത്.

സഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്, സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഓസ്ട്രേലിയിയിൽ എക്സ് ഫാക്ടറാകേണ്ടതായിരുന്നു, കാരണം ബൗൺസുള്ള പിച്ചുകളിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്, ഇപ്പോൾ സഞ്ജുവിനെ ഇന്ത്യ ഏ ടീമിന്റെ ക്യാപ്റ്റനാക്കിയിരിക്കുകയാണ്, ലോകകപ്പ് ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്തിൽ ബിസിസിഐ കടുത്ത സമ്മർദം നേരിടുന്നു, ഈ സാഹചര്യം മയപ്പെടുത്താൻ കൂടിയാണ് ക്യാപ്റ്റൻസി നീക്കം, കനേറിയ തന്റെ യൂടൂബ് ചാനലിൽ പറഞ്ഞു.

ഇത് സഞ്ജുവിന് അഭിമാനിക്കാവുന്ന നേട്ടമാണ്, ഏത് വിഭാ​ഗത്തിലുമാകട്ടെ ദേശീയ ടീമിനെ നയിക്കുക എന്നത് വലിയ കാര്യമാണ്, ഇത് സഞ്ജുവിന് മികച്ച അവസരമായിരിക്കും, ഈ പരമ്പര സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്ക് നേടാനായാൽ അത് വലിയ സംഭവമാകും, കനേറിയ കൂട്ടിച്ചേർത്തു.