SHARE

ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇതിനകം ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ കിവീസിനെതിരെ ആധികാരികജയമാണ് ഇന്ത്യ നേടിയത്. പരമ്പരയിലെ അപ്രധാനമായ മൂന്നാം മത്സരം നാളെ അരങ്ങേറും.

ഏകദിനപരമ്പരയിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പാകിസ്ഥാൻ ടീമിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് മുൻ താരം ദാനിഷ് കനേറിയ. ന്യൂസിലൻഡിനെതിരെ തന്നെ സ്വന്തം നാട്ടിൽ പാകിസ്ഥാൻ പരമ്പര തോറ്റിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് തന്റെ യൂടൂബ് ചാനലിൽ ഈ മുൻ സ്പിന്നർ വിമർശനമുന്നയിച്ചത്. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരേയും കനേറിയ വിമർശനമുന്നയിക്കുന്നുണ്ട്.

ടി20 ക്യാപ്റ്റൻസിയെക്കുറിച്ച് പാകിസ്ഥാൻ ചിന്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു, ബാബർ അസമിനെ മാറ്റിയാൽ പകരം ആര് വേണമെന്നതും തീരുമാനമെടുക്കണം, ഇനി ഏകദിനത്തിൽ സമീപകാലത്തെങ്ങാനും തികഞ്ഞ മേധാവിത്വത്തോടെ ഒരു പ്രകടനം പാകിസ്ഥാൻ നടത്തിയോ, ഏതെങ്കിലും മത്സരത്തിൽ കൂറ്റൻ സ്കോർ നേടിയോ, ഏതെങ്കിലും കളിക്കാർ ഇരട്ടസെഞ്ച്വറി നേടിയോ, ഇല്ല, ഇക്കാര്യം മനസിലാക്കണം, എന്നിട്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കണ്ട് പഠിക്കണം, അവർ സ്വന്തം രാജ്യത്തെ സാഹചര്യങ്ങൾ നന്നായി മുതലാക്കുന്നുണ്ട്, ഇവിടെയാകട്ടെ സ്വന്തം സാഹചര്യങ്ങൾ ഭയപ്പെടുന്നു, കനേറിയ പറഞ്ഞു.

ന്യൂസിലൻഡിനെതിരെ ഇതിനകം പരമ്പര നേടിയതിനാൽ യുവതാരങ്ങൾക്ക് അടുത്ത മത്സരത്തിൽ അവസരം നൽകാൻ ഇന്ത്യക്ക് കഴിയും, പാകിസ്ഥാനിൽ ഓരോരുത്തരും സ്വന്തം കാര്യമാണ് നോക്കുന്നത്, ബാബർ സ്വന്തം നിലയിക്ക് അമ്പതോ അറുപതോ റൺസ് നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ടീമിന് അതുകൊണ്ട് ഒരു ​ഗുണവും ലഭിക്കില്ല, കൂടുതൽ തോൽവികൾക്ക് കാരണാമകും, കനേറിയ പറഞ്ഞു.