SHARE

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി മുൻ പാക് സൂപ്പർതാരം സൽമാൻ ബട്ട്. തന്റെ യൂടൂബ് ചാനലിലൂടെ പ്രതികരിച്ച ബട്ട്, ഇന്ത്യൻ താരങ്ങളുടെ ഫിറ്റനെസിനെയാണ് ചോദ്യം ചെയ്തത്.

മറ്റാരെങ്കിലും ഇത് പറയുമോയെന്ന് എനിക്കറിയല്ല, പക്ഷെ എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് മൊത്തത്തിൽ മോശമാണ്, വിരാട് കോഹ്ലി, ഹാർ​ദിക് പാണ്ഡ്യ തുടങ്ങിയവരെ ഒഴിച്ചുനിർത്തിയാൽ ഫിറ്റ്നസ് ഒരിക്കലും ഇന്ത്യയുടെ ശക്തിയല്ല, ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്നത് ഇന്ത്യൻ താരങ്ങളാണ്, ഏറ്റവുമധികം മത്സരം കളിക്കുന്നതും അവരാണ്, പക്ഷെ അവരുടെ ഫിറ്റ്നെസ് നിലവാരം ഉയരാത്തതിന് കാരണമെന്താണെന്നറിയില്ല, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇം​ഗ്ലണ്ട് തുടങ്ങിയ വമ്പന്മാർ മാത്രമല്ല, ചില ഏഷ്യൻ ടീമുകളും ഫിറ്റ്നെസ് കാര്യത്തിൽ ഇന്ത്യൻ താരങ്ങളേക്കാൾ മുന്നിലാണ്, ഇന്ത്യയുടെ പല കളിക്കാർക്കും അമിതഭാരമാണുള്ളത്, ബട്ട് പറഞ്ഞു.

വിരാട് കോഹ്ലി ഫിറ്റ്നെസിന്റെ കാര്യത്തിൽ നല്ല ഉദാഹരണമാണ്, പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും ഇക്കാര്യത്തിൽ മികച്ചുനിൽക്കുന്നു, എന്നാൽ രോഹിത് ശർമ, കെഎൽ രാഹുൽ, റിഷഭ് പന്ത് എന്നിവരൊക്കെ ഇക്കാര്യത്തിൽ ഏറെ പിന്നിലാണ്, ഫിറ്റ്നെസ് കാര്യം കൂടി ശ്രദ്ധിച്ചാൽ ഇവർ കൂറേക്കൂടി അപകടകാരികളായ കളിക്കാരായി മാറും, ബട്ട് വിശദീകരിച്ചു.