SHARE

മത്സരത്തിന്റെ അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 30 റൺസ് വേണ്ട സാഹചര്യത്തിൽ ആവേശം മുഴുവൻ ദക്ഷിണാഫ്രിക്കൻ ക്യാംപിനായിരുന്നു. എന്നാൽ താബ്രിസ് ഷാംസിയെ നേരിടാൻ സഞ്ജും സാംസൻ ക്രീസിൽ നിൽക്കുമ്പോൾ അവർക്ക് നെഞ്ചിടിപ്പുമുണ്ടായിരുന്നു. മത്സരം ജയിച്ചെങ്കിലും ദക്ഷിണാഫ്രിക്കയുടെ ആശങ്ക ഒരു പരിധി വരെ യാഥാർഥ്യമാക്കി സഞ്ജും കിടിലൻ പ്രകടനം കാഴ്ചവച്ചു.

30 റൺസ് ജയിക്കാൻ വേണ്ടയിരുന്ന അവസാന ഓവറിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 20 റൺസ് സഞ്ജു അടിച്ചെടുത്തു. 63 പന്തിൽ നിന്ന് ഒമ്പത് ഫോറിന്റേയും മൂന്ന് സിക്സിന്റേയും അകമ്പടിയോടെ പുറത്താകാതെ 86 റൺസാണ് സഞ്ജു നേടിയത്. മത്സരശേഷം സഞ്ജുവിന്റെ പ്രകടനത്തെ വാനോളം പുകഴത്തിയിരിക്കുകയാണ് മുൻ താരങ്ങൾ.

മുൻ ഇന്ത്യൻ താരങ്ങളായ വിരേന്ദർ സേവാ​ഗ്, ഇർഫാൻ പത്താൻ, ആർ പി സിങ്, മുഹമ്മദ് കൈഫ് തുടങ്ങിയവർ സഞ്ജുവിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തു. വളരെ ഉയർന്ന നിലവാരമുള്ള ഇന്നിം​ഗ്സെന്നാണ് സഞ്ജുവിന്റെ പ്രകടനത്തെ സേവാ​ഗ് പ്രശംസിച്ചത്. കൈയ്യടി അർഹിക്കുന്ന ഇന്നിം​ഗ്സാണ് സഞ്ജു കാഴ്ചവച്ചതെന്നാണ് കൈഫ് ട്വീറ്റ് ചെയ്തത്.

സഞ്ജുവിന്റെ പ്രകടനത്തിൽ വളരെയധികം സന്തോഷിക്കുന്നുണ്ടെന്നാണ് വിൻഡീസ് മുൻ സൂപ്പർതാരം ഇയാൻ ബിഷപ് പറയുന്നത്. ഏകദിനത്തിന്റെ തന്റെ ഏറ്റവും മികച്ച സ്കോർ കണ്ടെത്തിയത് മുന്നോട്ടുള്ള യാത്രയിൽ സഞ്ജുവിന് വലിയ ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.