SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം ടീം സൈൻ ചെയ്യുന്ന ചില താരങ്ങളും ക്ലബിലെ ചില ആളുകളുമാണെന്ന് മുൻ താരം മൈക്കിൾ ചൊപ്ര. കേരളാ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടുള്ള സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയുടെ ഒരു ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ വംശജനായ ഈ ഇം​ഗ്ലീഷ് താരം

ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ്. ഇതേക്കുറിച്ചായിരുന്നു മാർക്കസിന്റെ ട്വീറ്റ്. ഇതിനോടാണ് ചൊപ്ര പ്രതികരിച്ചത്. ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി തെറ്റായ വഴി പോകുകയാണ്, അവരുടെ പ്രശ്നം പരിശീലകനല്ല, സൈൻ ചെയ്യുന്ന ചില താരങ്ങളും ക്ലബുമായി ബന്ധപ്പെട്ടുള്ള ചില ആളുകളുമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രശനം, അത് അവർ അം​ഗീകരിക്കാത്തിടത്തോളം കാലം ബ്ലാസ്റ്റേഴ്സ് പിന്നോട്ടെ സഞ്ചരിക്കു, ചൊപ്ര ട്വീറ്റ് ചെയ്തു.

ന്യൂകാസിൽ, സണ്ടർലൻഡ് തുടങ്ങിയ ക്ലബുകൾക്കായി പ്രീമിയർ ലീ​ഗിൽ കളിച്ചിട്ടുണ്ട് മുന്നേറ്റനിരക്കാരനായ ചൊപ്ര. ഐ.എസ്.എല്ലിന്റെ ഒന്നാമത്തേയും മൂന്നാമത്തേയും സീസണുകളിൽ ചൊപ്ര ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടി. ഈ രണ്ട് സീസണിലും ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയിരുന്നു.