SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ​ഗോളിയായിരുന്ന സെർജിയോ റൊമേറോ ഇറ്റലിയിലെ സെരി എയിലേക്ക് കൂടുമാറിയേക്കും. സെരി എയിലേക്ക് ഇക്കുറി സ്ഥാനക്കയറ്റം കിട്ടിയെത്തിയ വെനെസ്യയാണ് റൊമേറോയെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നത്. സ്കൈ സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആറ് വർഷം യുണൈറ്റഡിൽ കളിച്ച ഈ അർജന്റൈൻ ​ഗോളി പ്രധാനമായും ഡേവിഡ് ഡി ​ഗിയയ്ക്ക് പിന്നിൽ രണ്ടാമനായിരുന്നു. ഈ സീസൺ തുടങ്ങുംമുമ്പായി കരാർ അവസാനിച്ച റൊമേറോയെ യുണൈറ്റഡ് റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ഫ്രീ ഏജന്റായ റൊമേറോയ്ക്ക് ഏത് ക്ലബിൽ വേണമെങ്കിലും ചേരാം. റിപ്പോർട്ടുകൾ പ്രകാരം വെനെസ്യയുമായി റൊമേറോയുടെ ചർച്ചകൾ അവസാനഘട്ടത്തിലാണ്. വൈകാതെ തന്നെ ഈ ഡീൽ പൂർത്തിയാകുമെന്നാണ് സൂചന. അതേസമയം മറ്റൊരു സെരി എ ക്ലബായ സ്പെസിയയും റൊമേറോയെ നോട്ടമിട്ടിട്ടുണ്ടെങ്കിലും സാധ്യത വെനെസ്യക്കാണന്നാണ് റിപ്പോർട്ടുകൾ.

ഒമ്പത് വർഷത്തോളം അർജന്റീന ദേശീയ ടീമിന്റെ സ്റ്റാർ ​ഗോളിയായിരുന്നു റൊമേറോ. എന്നാൽ ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തിയപ്പോഴും യുണൈറ്റിഡിൽ ഡി ​ഗിയയുടെ നിഴലിലൊതുങ്ങി ഈ 34-കാരൻ. ഡച്ച് ക്ലബ് അൽക്ക്മാർ, സെരി എ ക്ലബ് സാംപ്ദോറിയ എന്നിവർക്കായി മുമ്പ് റൊമേറോ വലകാത്തിട്ടുണ്ട്.