SHARE

ലോക കായിക ഭൂപടത്തിൽ ഇന്ത്യ ശക്തി തെളിയിച്ച പല മത്സരയിനങ്ങളുമുണ്ട്‌. ഇതേക്കുറിച്ച് പറയുമ്പോൾ ഏറ്റവുമാദ്യം കായിക പ്രേമികളുടെ മനസിലെത്തുന്നത് ക്രിക്കറ്റും, ഹോക്കിയും, കബഡിയുമൊക്കെയായിരിക്കും‌. എന്നാൽ ഇതിനൊപ്പം തന്നെ പറയപ്പെടേണ്ട ഒന്നാണ് അമ്പെയ്ത്ത് അഥവാ ആർച്ചറി. ഇപ്പോഴും ഒളിമ്പിക്സ് മത്സരങ്ങളിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് ഈ കായികയിനം. പക്ഷേ നമ്മുടെ നാട്ടിൽ പ്രചാരം കുറവായത് കൊണ്ടു‌ തന്നെ പലർക്കും ആർച്ചറിയെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നതാണ് സത്യം.

പത്രങ്ങൾ സ്ഥിരമായി വായിക്കുന്നവർ, ഏറ്റവും കുറഞ്ഞത് പ്രധാന കായിക‌ മാമാങ്കങ്ങൾ എത്തുമ്പോളെങ്കിലും പത്രത്താളുകൾ മറിക്കുന്നവർ ദീപികാ കുമാരി, തരുൺ ദീപ് റായ്, ലിംബ റാം എന്ന പേരുകൾ കേട്ടിട്ടുണ്ടാവും. ആർച്ചറിയിൽ ഇന്ത്യയുടെ അഭിമാന താരങ്ങളാണ് ഇവർ എന്നത് പക്ഷേ എത്ര പേർക്ക് അറിയാം എന്നത് വലിയ ചോദ്യ ചിഹ്നമാണ്. എന്നാൽ സമീപകാലത്തായി കേരളത്തിൽ അമ്പെയ്ത്തിന് മുൻപത്തേക്കാൾ പ്രചാരം ലഭിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇതിന് പ്രധാന കാരണങ്ങളിലൊന്ന് അധികൃതരുടെ കൃത്യമായ പ്രവർത്തനങ്ങളാണ്. അമ്പെയ്ത്തിനെക്കുറിച്ച് ഏറ്റവും നന്നായി കേരളത്തിൽ സംസാരിക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ഡോക്ടർ ജോറിസ് പൗലോസ്. മുൻ അമ്പെയ്ത്ത് താരമായിരുന്ന അദ്ദേഹം ആർച്ചറിയുടെ ദേശീയ വിധികർത്താവും, ദേശീയ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമാണ്. ഡോ: ജോറിസ് പൗലോസുമായി സ്പോർട്സ് മലയാളം കഴിഞ്ഞ ദിവസം നടത്തിയ പ്രത്യേക അഭിമുഖം.

  • ആദ്യമായി കേരളാ സ്റ്റേറ്റ് ആർച്ചറി അസോസിയേഷന്റെ ഘടന ഒന്ന് വിശദീകരിക്കാമോ

ഉ : 1983 ൽ ശ്രീ എം.എം അബ്ദുറഹിമാൻ സാറിന്റെയും ശ്രീ പി. മോഹൻ ദാസിന്റേയും നേതൃത്വത്തിലാണ് കേരളാ സ്റ്റേറ്റ് ആർച്ചറി അസോസിയേഷൻ രൂപീകരിക്കപ്പെടുന്നത്. അദ്ദേഹം തന്നെയായിരുന്നു അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയും. നിലവിൽ ഡോക്ടർ മനോജ് പ്രസിഡന്റായും, ഗോകുൽ നാഥ് സെക്രട്ടറിയുമായുള്ള സംഘമാണ് അസോസിയേഷൻ ഭരിക്കുന്നത്. 2 വീതം വൈസ് പ്രസിഡന്റുമാരും ജോയിന്റ് സെകട്ടറിമാരുമുള്ള അസോസിയേഷന്റെ ട്രഷറർ പന്മന മഞ്ജേഷ് ആണ്. എല്ലാ കായിക അസോസിയേഷനുകളേയും പോലെ 4 വർഷമാണ് ആർച്ചറി അസോസിയേഷന്റെയും കാലാവധി‌.

  • അസോസിയേഷനുകളുടെ അഫിലിയേഷനെ സംബന്ധിച്ച സുപ്രീം കോടതി വിധിയെക്കുറിച്ച് വ്യക്തമാക്കാമോ ?

ഉ : അഫിലിയേഷനുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങൾ ഇന്ന് രാജ്യത്തെ വിവിധ കായിക അസോസിയേഷനുകൾക്ക് നേരിടേണ്ടി‌ വരുന്നുണ്ട്. ആർച്ചറിയുടെ കാര്യവും അത് പോലെ തന്നെ. കഴിഞ്ഞയിടയ്ക്ക് 54 നാഷണൽ ഫെഡറേഷനുകൾക്ക് അഫിലിയേഷൻ കൊടുക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിൽ പല അസോസിയേഷനുകൾക്കും അഫിലിയേഷൻ ലഭിക്കാനുള്ള‌ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഒരു പ്രമുഖ അഭിഭാഷകൻ ഡെൽഹി ഹൈക്കോടതിയെ സമീപിക്കുകയും, കോടതി കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്യാൻ തീരുമാനമെടുക്കുകയും ചെയ്തു. അത് കൊണ്ടു‌തന്നെ നിലവിൽ ഈ 54 അസോസിയേഷൻ കൾക്കും അഫിലിയേഷൻ ലഭിച്ചില്ല. ആർച്ചറിയും അഫിലിയേഷൻ ലഭിക്കാത്ത കായിക അസോസിയേഷനുകളിൽ ഉണ്ട്.

  • ആർച്ചറി ഓഫ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഘടന എങ്ങനെ ?

ഉ : 1972 ലെ മ്യൂണിച്ച് ഒളിമ്പിക്സിൽ ആർച്ചറി ഒരു മത്സരയിനമായി തിരിച്ചെത്തിയതിന് പിന്നാലെ 1973 ലാണ് ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യ (എ എ ഐ) രൂപീകരിക്കപ്പെടുന്നത്. ഇന്ത്യയ്ക്ക് ഒരു ഒളിമ്പിക് മെഡൽ നേടിക്കൊടുക്കാ‌ൻ സാധ്യതയുള്ള മത്സരയിനമായതിനാൽ സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം എ എ ഐയ്ക്ക് ലഭിക്കുന്നുണ്ട്. ലോകറാങ്കിംഗിൽ എല്ലായ്പ്പോളും ആദ്യ പത്തിനുള്ളിൽ ഇന്ത്യയുണ്ട് എന്നത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. നിലവിൽ അർജുൻ മുണ്ട യാണ് ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്. പ്രമോദ് ചന്ദുർക്കർ സെക്രട്ടറി ജെനറലായും, രാജേന്ദർ സിംഗ് ടോമാർ ട്രഷററായും അസോസിയേഷന്റെ പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കുന്നു. അരുണാചൽ പ്രദേശിന്റെ മുൻ സംസ്ഥാന ആർച്ചറി അസോസിയേഷൻ പ്രസിഡന്റായിരുന്നു ഇപ്പോളത്തെ കേന്ദ്ര കായിക മന്ത്രിയായ കിരൺ റിജ്ജു.

  • കേരള സ്റ്റേറ്റ് ആർച്ചറി അസോസിയേഷൻ നടത്തുന്ന മത്സരങ്ങളും, ഇതിന്റെ നടത്തിപ്പും എങ്ങനെ ?

ഉ : 3 ദിവസം കൊണ്ടാണ് ആർച്ചറി സംസ്ഥാന മീറ്റ് നടത്തുന്നത്. ഏറ്റവും കുറഞ്ഞത് മൂന്ന് ലക്ഷം രൂപയെങ്കിലും മത്സരങ്ങളുടെ നടത്തിപ്പിന് ആവശ്യമുണ്ട്. സംസ്ഥാന മീറ്റ് നടത്തുമ്പോൾ കേരളാ‌ സ്പോർട്സ് കൗൺസിൽ 60000 രൂപ ആർച്ചറി അസോസിയേഷന് ധനസഹായം നൽകുന്നുണ്ട്. മുൻപ് സ്പോർട്സ് കൗൺസിൽ എ ഗ്രേഡ് നൽകിയിരുന്ന ‌ ആർച്ചറിക്ക് നിലവിൽ ഡി ഗ്രേഡാണുള്ളത്. ആർച്ചറിയിൽ ഏറ്റവും കൂടുതൽ നേട്ടങ്ങൾ നമ്മുടെ താരങ്ങൾ ഉണ്ടാക്കിയ വർഷമാണ് ആർച്ചറി ഡി ഗ്രേഡിലേക്ക് താഴ്ത്തപ്പെട്ടത് എന്നത് ഞെട്ടിക്കുന്നതാണ്. ഇതിന്റെ കാരണം സത്യത്തിൽ എനിക്ക് അറിയില്ല. 4 വിഭാഗം മത്സരങ്ങളാണ് ഇവിടെയുള്ളത്. അണ്ടർ 14 വിഭാഗക്കാർക്ക് വേണ്ടിയുള്ള മിനി വിഭാഗമാണ് ആദ്യത്തേത്. സബ് ജൂനിയർ വിഭാഗത്തിൽ വരുന്നത് അണ്ടർ 17 താരങ്ങളാണ്. 21 വയസിൽ താഴെയുള്ളവരുടെ ജൂനിയർ വിഭാഗം മത്സരങ്ങളും , പിന്നീട് പ്രായപരിധിയില്ലാതെ നടത്തുന്ന സീനിയർ വിഭാഗം മത്സരങ്ങളുമുണ്ട്. കോമ്പൗണ്ട് റൗണ്ട്, റീകർവ്വ് റൗണ്ട്, ഇന്ത്യൻ റൗണ്ട് എന്നിങ്ങനെ 3 തരം മത്സരങ്ങളാണ് ഇവിടെയുള്ളത്.

  • ആർച്ചറിയിൽ ഫിറ്റ്നസിന് എത്രത്തോളം പ്രാധാന്യമുണ്ട് ?

ഉ : ഫിറ്റ്നസിന് വളരെയധികം പ്രാധാന്യമുള്ള കായിക മത്സരമാണ് ആർച്ചറി. പലർക്കും ആർച്ചറിയിൽ അത്ര ഫിറ്റ്നസ് ആവശ്യമുണ്ടെന്ന് തോന്നിയേക്കില്ല‌. പക്ഷേ ഓരോ തവണ അമ്പെയ്യുമ്പോളും വളരെയധികം ഊർജ്ജമാണ് താരങ്ങൾക്ക് ഉപയോഗിക്കേണ്ടി‌ വരുന്നത്.‌ മികച്ച ഫിറ്റ്നസ് ഇല്ലാത്ത ഒരാൾക്ക് ആർച്ചറിയിൽ പിടിച്ചുനിൽക്കാനാവില്ല.

  • ആർച്ചറി നമ്മുടെ നാട്ടിൽ, പ്രത്യേകിച്ചും കുട്ടികൾക്കിടയിൽ എങ്ങനെ കൂടുതൽ പ്രചാരത്തിലാക്കാൻ കഴിയും ?

ഉ : നിലവിൽ ആർച്ചറി സ്കൂൾ സ്പോർട്സിൽ ഉൾപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. സി ബിഎസ് ഇ , ദേശീയ തലത്തിൽ ആർച്ചറി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നമ്മൾ സംസ്ഥാന സ്കൂൾ ആർച്ചറി ടീം രൂപീകരിച്ചു. രണ്ട് തവണ ദേശീയ തലത്തിൽ നമ്മുടെ സ്കൂൾ ടീം മത്സരിച്ചു കഴിഞ്ഞു. സമീപകാലത്ത് സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന ഒട്ടേറെ സ്കൂളുകളും ആർച്ചറി മത്സരങ്ങളുടെ ഭാഗമാവാൻ മുന്നോട്ട് വന്നിട്ടുണ്ട്. ഇതൊരു‌ നല്ല സൂചനയാണ്. സ്കൂൾ തലത്തിൽ ആർച്ചറിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് ഈ ഗെയിമിന്റെ മുന്നേറ്റ ത്തിലും നിർണായകമാകും.

  • ആർച്ചറിയിൽ കേരളത്തിലെ ട്രൈബൽ ആൾക്കാരുടെ പങ്കാളിത്തം എങ്ങനെ ?

ഉ : കുറിച്യർ വർഗത്തിൽപ്പെട്ട ഒട്ടേറെ ആർച്ചർമാർ വയനാട്ടിലുണ്ട്. അവിടെ നിന്നുള്ള ഒട്ടേറെ ആർച്ചർമാർ ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രകടനങ്ങൾ പുറത്തെടുക്കുന്നുണ്ട്. മുൻപ് ദേശീയ ജൂനിയർ ടീമിലുണ്ടായിരുന്ന മുകുന്ദൻ രവീന്ദ്രൻ ഇതിലൊരാളാണ്.

  • ആർച്ചറിയിൽ ഒട്ടേറെ മികച്ച താരങ്ങൾ ഇന്ത്യയിൽ നിന്ന് പിറവിയെടുത്തിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ആർച്ചറിയിലെ ശ്രദ്ധേയർ ആരൊക്കെയെന്ന് ചൂണ്ടിക്കാട്ടാമോ?

ഉ : ലോകത്ത് ആർച്ചറിയിലെ അവസാന വാക്ക് എന്ന് പറയാവുന്നവർ ദക്ഷിണ കൊറിയക്കാരാണ്. അവരെക്കഴിഞ്ഞേ ആർച്ചറിയിൽ മറ്റാരുമുള്ളൂ. എന്നാൽ ആർച്ചറിയിൽ എതിരാളികളെ വിറപ്പിക്കാൻ പോന്ന ഒട്ടേറെ സൂപ്പർ താരങ്ങൾ ഇന്ത്യയിലും പിറവിയെടുത്തിട്ടുണ്ട്. ദീപികാ കുമാരി, തരുൺ ദീപ്റായ് എന്നിവർ ഇതിന് ചെറിയ ഉദാഹരണങ്ങൾ മാത്രം. മുൻപ് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള ദീപികാ കുമാരി, ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ പ്രതീക്ഷ കൂടിയാണ്. ആർച്ചറിയിൽ ലോക റെക്കോർഡ് തകർത്ത് പ്രശസ്തയായ ദീപിക, നിലവിൽ ഒൻപതാംറാങ്കിലുള്ള താരമാണ്. രണ്ട് ഒളിമ്പിക്സുകളിൽ പങ്കെടുത്ത് രാജ്യത്തിന് വേണ്ടി അഭിമാനകരമായ പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരമാണ് തരുൺ ദീപ് റായ്.

  • ആർച്ചറി കരിയർ തുടങ്ങാൻ ഒരു കുട്ടിക്ക് ഏറ്റവും ഉചിതമായ സമയം ഏത് ?

ഉ : 10 വയസ് മുതൽ ഒരു കുട്ടിക്ക് ആർച്ചറി കരിയർ തുടങ്ങാനാവും. ഇതിന് മുൻപ് തന്നെ ഗെയിമിലേക്ക് എത്തുന്നവർ ഉണ്ട്. എങ്കിലും എന്റെ അഭിപ്രായത്തിൽ പത്ത് വയസാണ് ഇതിന് ഏറ്റവും യോജിച്ച പ്രായം. എന്നാൽ കൃത്യമായ പരിശീലനവും, ഗൈഡൻസും ലഭിച്ചാൽ മാത്രമേ കരിയർ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കുട്ടികൾക്ക് കഴിയൂ. അശാസ്ത്രീയമായ പരിശീലനങ്ങളാണെങ്കിൽ ഒരു കുട്ടിയുടെ ആർച്ചറി കരിയർ മുളയിലേ നിന്ന് പോകും.

  • കേരളത്തിൽ ആർച്ചറി പരിശീലിപ്പിക്കുന്ന കോച്ചിംഗ് കേന്ദ്രങ്ങൾ എവിടെയൊക്കെ ?

ഉ : നമ്മുടെ നാട്ടിൽ ആർച്ചറി പരിശീലിപ്പിക്കുന്നതിനായി പ്രധാനമായി രണ്ട് കോച്ചിംഗ് സെന്ററുകളാണ് ഉള്ളത്. ഒന്ന് ഇടുക്കിയിലെ നെടുങ്കണ്ടത്തും, രണ്ടാമത്തേത് വയനാട്ടിലെ പുൽപ്പള്ളിയിലും. സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളാണ് ഇവ‌. പുൽപ്പള്ളിയിൽ എട്ട് ഏക്കർ സ്ഥലം സർക്കാർ വാങ്ങി അവിടെ ഹോസ്റ്റൽ പണിയുകയായിരുന്നു‌. വയനാട്ടിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുറുവാ ദ്വീപിലേക്ക് ഇവിടെ നിന്ന് 3 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.