SHARE

പഞ്ചാബ് കിംഗ്സിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് രണ്ടാം ഓവറിൽത്തന്നെ ഇടം കൈയ്യൻ ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ മൂന്നാം നമ്പരിൽ സൂര്യകുമാർ യാദവ് കളിക്കാനിറങ്ങുമെന്ന് കരുതിയവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് ദയനീയ ഫോമിലൂടെ കടന്ന് പോകുന്ന ഇഷാൻ കിഷനെയായിരുന്നു മുംബൈ കളിക്കാനിറക്കിയത്. മികച്ച ഫോമിലുള്ള സൂര്യകുമാറിന് പകരം കിഷനെ മൂന്നാം നമ്പരിൽ കളിപ്പിക്കാനുള്ള‌ മുംബൈയുടെ തീരുമാനം ക്രിക്കറ്റ് വിദഗ്ധരേയും ഞെട്ടിച്ചു. മത്സരത്തിന് ശേഷം ക്രിക്ബസിനോട് സംസാരിക്കവെ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി.

സൂര്യകുമാർ യാദവിനെ മറികടന്ന് ഇഷാൻ കിഷനെ ബാറ്റിംഗിനിറക്കാനുള്ള മുംബൈ നായകൻ രോഹിത് ശർമ്മയുടെ തീരുമാനത്തിൽ ഞെട്ടൽ പ്രകടിപ്പിക്കുന്ന സേവാഗ്, പവർപ്ലേയുടെ തുടക്കത്തിൽ സൂര്യകുമാറിനെ ബാറ്റിംഗിന് അയച്ചിരുന്നുവെങ്കിൽ അത് മുംബൈക്ക് ഗുണം ചെയ്യുമായിരുന്നുവെന്നും, ഇന്നിംഗ്സിന് ആവശ്യമായ വേഗത നൽകാൻ അദ്ദേഹത്തിന് നൽകുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

നേരത്തെ ഫിഫ്റ്റിയടിച്ചിരുന്ന‌ സൂര്യകുമാർ യാദവ് മികച്ച ഫോമിലായിരുന്നുവെന്നും പറയുന്ന സേവാഗ്, കഴിഞ്ഞ നാല് മത്സരങ്ങളിലും സ്കോർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത ഇഷാൻ കിഷനെ, സൂര്യകുമാറിന് മുൻപ് കളിപ്പിച്ചത് രോഹിതിന്റേയും, മുംബൈയുടേയും തെറ്റായ തീരുമാനമായാണ് ചൂണ്ടിക്കാട്ടുന്നത്. കിഷനേക്കാൾ മികച്ച രീതിയിൽ പവർപ്ലേയിൽ കളിക്കാൻ സൂര്യകുമാറിന് കഴിയുമായിരുന്നുവെന്ന് പറയുന്ന സേവാഗ്, 15-16 ഓവറുകൾ വരെ രോഹിതും, സൂര്യകുമാറും ബാറ്റ് ചെയ്തുവെന്നതാണ് മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം സംഭവിച്ച ഏറ്റവും നല്ല കാര്യമെന്നും കൂട്ടിച്ചേർത്തു.