SHARE

രഞ്ജി ട്രോഫിയിൽ തകർപ്പൻ ഓൾ റൗണ്ട് പ്രകടനം നടത്തി മലയാളി താരം ഫാബിദ് അഹമ്മദ്. മുൻ സീസണുകളിൽ കേരളത്തിന് വേണ്ടി കളിച്ചിരുന്ന ഫാബിദ് ഇത്തവണ ഗസ്റ്റ് താരമായി പുതുച്ചേരി ടീമിലാണ് കളിക്കുന്നത്. പുതുച്ചേരിയും, അരുണാചൽ പ്രദേശും തമ്മിൽ ഇന്നലെ നടന്ന രഞ്ജി മത്സരത്തിലായിരുന്നു ഫാബിദ് രൗദ്രഭാവം പൂണ്ടത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരിക്ക് വേണ്ടി ആറാമനായി ക്രീസിലെത്തിയ ഫാബിദ്, 41 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു. പുതുച്ചേരി അവരുടെ ആദ്യ ഇന്നിംഗ്സിൽ 136 റൺസിന് പുറത്തായപ്പോൾ 41 റൺസുമായി ടീമിന്റെ ടോപ്സ്കോററായി ഫാബിദ്. തുടർന്ന് അരുണാചൽ പ്രദേശ് ബാറ്റ് ചെയ്യുമ്പോൾ ബോളുമായെത്തിയ താരം തന്റെ സ്പിൻ ബോളിംഗിലൂടെ എതിരാളികളെ ചുരുട്ടിക്കെട്ടുകയായിരുന്നു.

തന്റെ ഓഫ് സ്പിൻ ബോളിംഗുമായെത്തിയ ഫാബിദ് 29 റൺസ് വിട്ടുകൊടുത്ത് 6 വിക്കറ്റുകളാണ് സ്വന്തം പേരിലാക്കിയത്. അതേ സമയം ബോളർമാരുടെ സ്വർഗമായി മാറിയ പിച്ചിൽ മത്സരത്തിന്റെ ആദ്യ ദിനം വീണത് 22 വിക്കറ്റുകളാ‌‌ണ്. പുതുച്ചേരിയുടേയും, അരുണാചൽ പ്രദേശിന്റെയും ആദ്യ ഇന്നിംഗ്സ് മുഴുവനായും പുതുച്ചേരിയുടെ രണ്ടാംഇന്നിംഗ്സിലെ ആദ്യ രണ്ട് വിക്കറ്റുകളും ഉൾപ്പെടെയാണ് ഇത്.