SHARE

എഫ് എ കപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്ന ചെൽസി താരം സെസ്ക് ഫാബ്രിഗാസിന്റെ ലക്ഷ്യം ഒരിക്കൽ സ്വന്തമാക്കിയിട്ടും പിന്നീട് നഷ്ടമായ എഫ് എ കപ്പ് വിജയികളുടെ മെഡൽ വീണ്ടും സ്വന്തമാക്കുക എന്നതാണ്. പതിമൂന്ന് വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2005 ൽ കാർഡിഫിൽ നടന്ന എഫ് എ കപ്പിന്റെ ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി കിരീടം നേടിയ ആർസനൽ ടീമിലംഗമായിരുന്നു ഫാബ്രിഗാസ്. അത് കൊണ്ടു തന്നെ അന്ന് സമ്മാനദാനച്ചടങ്ങിനിടെ പതിനെട്ടുകാരനായ ഫാബ്രിഗാസിനും വിജയികളുടെ മെഡൽ ലഭിച്ചിരുന്നു. പക്ഷേ പതിമൂന്ന് വർഷങ്ങൾക്കിപ്പുറം ആ മെഡൽ ഫാബ്രിഗാസിന്റെ കൈയ്യിലില്ല എന്നതാണ് കൗതുകം.

അന്ന് എഫ് എ കപ്പ് വിജയിച്ചപ്പോൾ ലഭിച്ച മെഡൽ തന്റെ കൈയ്യിൽ നിന്ന് നഷ്ടമായതായി ഫാബ്രിഗാസ് തന്നെയാണ് വെളിപ്പെടുത്തിയത്. തന്റെ അച്ഛനായിരുന്നു തനിക്ക് ലഭിച്ച ഉപഹാരങ്ങളും മെഡലുകളുമെല്ലാം സൂക്ഷിച്ചിരുന്നത്. ഒരിക്കൽ താൻ അച്ഛനോട് അവയെപ്പറ്റി ചോദിച്ചു, അദ്ദേഹം എനിക്ക് തന്റെ മെഡൽ ശേഖരം കാണിച്ചുതന്നെങ്കിലും അവയിൽ എഫ് എ കപ്പ് ഫൈനലിന് ശേഷം ലഭിച്ച മെഡലുണ്ടായിരുന്നില്ല, അത് എങ്ങനെയോ അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് നഷ്ടമായി. ഒരിക്കൽലോകകപ്പ് മെഡലും തന്റെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ടതാണ് പക്ഷേ ഭാഗ്യം കൊണ്ട് അമ്മയുടെ വീട്ടിലെ ഒരു ബോക്സിൽ നിന്ന് എനിക്കത് തിരിച്ചുകിട്ടി” ഫാബ്രിഗാസ് ഓർത്തെടുത്തു.

ഇക്കാരണം കൊണ്ടു തന്നെ നഷ്ടപ്പെട്ട എഫ് എ കപ്പ് മെഡൽ ഒരിക്കൽക്കൂടി നേടുകയായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തന്റെ ലക്ഷ്യമെന്നും, അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത് ഇത്തവണ ചെൽസിക്കൊപ്പം ആവർത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും ഫാബ്രിഗാസ് പറയുന്നു.