SHARE

അഡ്രിയാൻ ലൂണ, അൽവാരോ വാസ്ക്വസ്, ജോർജ് പരേയര ഡയസ്- ഈ മൂന്ന് താരങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക ഘടകം ഇവരുടെ സംസാരഭാഷ സ്പാനിഷ് ആണെന്നതാണ്. ഇതല്ലാതെ ഇവരെ മൂവരേയും ചേർത്തുനിർത്തുന്ന കാര്യം കളിക്കളത്തിൽ ഇവർ കാഴ്ചവയ്ക്കുന്ന കഠിനാധ്വാനമാണ്. ഈ വിദേശത്രിമൂർത്തികൾക്കൊപ്പം ഇന്ത്യൻ ഫുട്ബോളിലെ വിദേശനിലവരമുള്ള താരമായി വാഴ്ത്തപ്പെടുന്ന സഹൽ അബ്ദുൾ സമദ് കൂടി ചേർന്നതോടെ ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ ഏറ്റവും മികച്ച ആക്രണമസംഘങ്ങളിലൊന്നായി കേരളാ ബ്ലാസ്റ്റേഴ്സ് മാറി.

4-4-2 എന്ന ശൈലിയിലെ രണ്ട് സ്ട്രൈക്കർമാരുടെ റോളാണ് ഇവിടെ ഡയസിനും വാസ്ക്വസിനും. ലൂണയും സഹലുമാകട്ടെ ഇരുവിങ്ങുകളേയും പ്രതിനിധീകരിക്കുന്നു. വിങ്ങർമാർ മുന്നേറിക്കഴിഞ്ഞാൽ അസാമാന്യ പ്രഹരശേഷിയുള്ള ഫ്രണ്ട് ഫോറായിമാറും ബ്ലാസ്റ്റേഴ്സ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നേടിയ പതിനാല് ​ഗോളിൽ 12 എണ്ണവും ഈ നാല് താരങ്ങളുടെ പേരിലാണ്. നാല് ​ഗോളുമായി സഹലാണ് ഒന്നാം സ്ഥാനത്ത്. ഡയസും വാസ്ക്വസും മൂന്ന് ​ഗോൾ വീതം നേടിയപ്പോൾ ലൂണയുടെ അക്കൗണ്ടിൽ രണ്ട് ​ഗോളാണുള്ളത്. അസിസ്റ്റ് പരി​ഗണിച്ചാൽ ലൂണയാണ് ഒന്നാമത്. നാല് ​ഗോളുകൾക്ക് ലൂണ വഴിതെളിച്ചു. ഡയസും വാസ്ക്വസും ഓരോ ​ഗോളിനും വഴികണ്ടെത്തി.

​ഗോൾവേട്ടയിലും ആക്രമണവുമായി ബന്ധപ്പെട്ട കണക്കുകളിലും മുന്നിലാണെങ്കിലും ഈ നാല് താരങ്ങളും അങ്ങേയറ്റം കഠിനാധ്വാനികളാണ്. ഒരു തകർപ്പൻ സെന്റർ ഫോർവേഡാണെങ്കിലും വാസ്ക്വസ് എതിർ ബോക്സിനുള്ളിൽ നിലയുറപ്പിക്കുന്ന താരമല്ല. സെന്റർ സർക്കിളിനോടടുത്താകും പലപ്പോഴും വാസ്ക്വസ് സ്ഥാനം പിടിക്കുക. വലതുവിങ്ങിൽ കളിക്കുന്ന സഹലിന് എതിർബോക്സിലേക്ക് കുതിച്ചുകയറാൻ ഏറ്റവുമധികം സഹായിക്കുന്നത് വാസ്ക്വസിന്റെ ഈ സാന്നിധ്യം തന്നെയാണ്. വാസ്ക്വസിന്റെ വെട്ടിത്തിരിയലുകളും വെട്ടിയൊഴിയലുകളും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളെ നിരന്തരം സഹായിക്കുന്നു.

​ഗോൾവേട്ടയിൽ അത്ര ​ഗംഭീര റെക്കോർഡൊന്നുമുള്ള താരമല്ല ഡയസ്, സ്ട്രൈക്കറാണെങ്കിൽ കൂടി. പക്ഷെ ഡയസിന്റെ വർക്ക് റേറ്റ് അപാരമാണ്. ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുന്ന ടീമുകൾക്ക് ശാരീരികമായ ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിക്കുന്നത് ഡയസാണ്. എതിർബോക്സിൽ ഏറ്റവുമധികം ശല്യമുണ്ടാക്കുന്ന ബ്ലാസ്റ്റേഴ്സ് താരവും ഡയസ് തന്നെ. പന്ത് പിടിച്ചെടുക്കാനായി നടത്തുന്ന കഠിനശ്രമങ്ങളാണ് ഡയസിനെ വേറിട്ടുനിർത്തുന്നത്. ആവശ്യമെങ്കിൽ ടാക്കിളുകളും അത്യാവശ്യമെങ്കിൽ ഫൗളുകളും ഡയസിൽ നിന്നുണ്ടാകും.

കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുന്നില്ല എന്ന വിമർശനമാണ് സഹൽ ഏറ്റവുമധികം നേരിട്ടിരുന്നത്. എന്നാൽ ഈ സീസണിൽ ആ വിമർശനങ്ങൾ പലിശയും കൂട്ടുപലിശയുമടക്കം ചേർത്താണ് സഹൽ തിരിച്ചുനൽകിയത്. ​ഗോളിനായുള്ള നേരിയ സാധ്യതപോലും കണ്ടെത്താനുള്ള സഹലിന്റെ മികവ് ശ്രദ്ധേയമാണ്. പന്ത് നിയന്ത്രിക്കുന്നതിലും ഷൂട്ട് ചെയ്യുന്നതിലുമുള്ള സഹലിന്റെ മികവ് അസാമാന്യമാണ്. എടികെ മോഹൻ ബ​ഗാനെതിരേയും മുംബൈക്കെതിരേയും സഹൽ നേടിയ ​ഗോളുകൾ ഇത് തെളിയിക്കുന്നതാണ്.

നാല് അസിസ്റ്റും രണ്ട് ​ഗോളുമായി തിളങ്ങുന്ന ലൂണയാണ് സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർസ്റ്റാർ. വർക്ക് റേറ്റും ടെക്നിക്കുമാണ് ലൂണയുടെ ശക്തി. വൺ ടച്ച് പാസുകളും കൃത്യയുള്ള സെറ്റ് പീസുകളും ലൂണയുടെ പ്രത്യേകതയാണ്. പന്ത് നിയന്ത്രിക്കുന്നതിലും പാസ് ചെയ്യുന്നതിലും സാങ്കേതികത്തികവ് പ്രകടമാണ്. ലൂണ നേടിയ ​ഗോളുകളും നൽകിയ അസിസ്റ്റുകളും ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. ലൂണ രണ്ട് ​ഗോളുകൾ നടിയത് പന്ത് ​ഗോളാകുന്ന സാധ്യത വളരെ കുറവായിരുന്ന സാഹചര്യത്തിലാണ്. ലെഫ്റ്റ് വിങ്ങിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ലൂണയെ നിർത്തിയിരിക്കുകന്നത്. പക്ഷെ മൈതാനത്ത് തലങ്ങും വിലങ്ങും ഓടാനുള്ള സ്വാതന്ത്ര്യം അദ്ദേഹം ലൂണയ്ക്ക് അനുവദിച്ചുനൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എതിരാളികൾക്ക് പലപ്പോഴും സ്വന്തം ബോക്സും ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലും ലൂണയെ നേരിടേണ്ടിവരും.

ബ്ലാസ്റ്റേഴ്സിന് മുമ്പും ആക്രമണകൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. ബാർത്തലോമിയോ ഓ​ഗ്ബെച്ചെ-റാഫേൽ മെസിബൗളി സഖ്യമാണ് ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ സീസണിൽ ജോർദാൻ മറെ-​ഗാരി ഹൂപ്പർ സഖ്യവും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. എന്നാൽ ഇക്കുറിയാണ് എല്ലാം തികഞ്ഞ ഒരു അറ്റാക്കിങ് പാക്കേജിനെ ബ്ലാസ്റ്റേഴ്സിന് കിട്ടിയത്.

ഈ നാൽവർ സംഘത്തിൽ ബ്ലാസ്റ്റേഴ്സിന് വിങ്ങിലേക്ക് പകരം വയ്ക്കാൻ ഒരുപാട് താരങ്ങളുണ്ട്. വിൻസി ബാരെറ്റെ, ചെൻചോ ജ്യെൽഷൻ, കെ.പ്രശാന്ത് തുടങ്ങിവർ ഇപ്പോഴും പല മത്സരങ്ങളിലും പകരക്കാരായി ഇറങ്ങാറുണ്ട്. പരുക്ക് മാറി കെപി രാഹുൽ കൂടിയെത്തിയാൽ ഈ വിഭാ​ഗത്തിൽ ബ്ലാസ്റ്റേഴ്സിന്റെ കരുത്തേറും. പക്ഷെ ഡയസിനും വാസ്ക്വസിനും പകരമായി ഇന്ത്യക്കാരനായി പോലും ഒരു സ്ട്രൈക്കർ സ്ക്വാഡിലില്ല എന്നത് ശ്രദ്ധേയമാണ്. ട്രാൻസ്ഫർ ജാലകത്തിൽ പുതിയ ഇന്ത്യൻ സ്ട്രൈക്കറെ കണ്ടെത്താനായില്ലെങ്കിൽ ഈ രണ്ട് താരങ്ങൾ സീസണിന്റെ രണ്ടാം പകുതിയിലും വിശ്രമമില്ലാതെ കളിക്കേണ്ടിവരും.