SHARE

2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ് വീണ്ടും ദേശീയ ടീമിലേക്ക് എത്താനുള്ള സാധ്യതകൾ തെളിയുന്നു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ പരിശീലകനായി സ്ഥാനം ഏറ്റെടുത്ത മാർക്ക് ബൗച്ചർ ഡിവില്ലിയേഴ്സിനോട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരാൻ താൻ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിനും ഡിവില്ലിയേഴ്സ് ടി20 ടീമിലേക്ക് മടങ്ങിവരണമെന്ന അഭിപ്രായമാണുള്ളത്. അധികം താമസിയാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഡിവില്ലിയേഴ്സ് വിരമിക്കൽ തീരുമാനം പുനപരിശോധിക്കണമെന്നും, ദക്ഷിണാഫ്രിക്കയുടെ ടി20 ടീമിലേക്ക് തിരികെ വരണമെന്നും അഭിപ്രായപ്പെടുന്ന ഡുപ്ലെസിസ്, ദക്ഷിണാഫ്രിക്കയുടെ അടുത്ത ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. ഡിവില്ലിയേഴ്സിന്റെ മടങ്ങിവരവിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് നാളായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് പറയുന്ന ദക്ഷിണാഫ്രിക്കൻ നായകൻ നിലവിൽ ഇക്കാര്യത്തിൽ പക്ഷേ തീരുമാനങ്ങളൊന്നുമായിട്ടില്ലെന്നാണ് വ്യക്തമാക്കിയത്.