SHARE
ഫയൽ ചിത്രം

ശ്രീലങ്കയുമായി വിശാഖപട്ടണത്ത്  നടന്ന മൂന്നാം ഏകദിന മത്സരം ഇന്ത്യൻ ടീമിനും, ആരാധകർക്കും നല്ല നിമിഷങ്ങളാണ് സമ്മാനിച്ചത്. പരമ്പരയിൽ നിർണായകമായിരുന്ന വിശാഖപട്ടണം ഏകദിനത്തിൽ എട്ട് വിക്കറ്റിന്റെ അനായാസ ജയം ഇന്ത്യ കുറിച്ചിരുന്നു.

ആദ്യ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകളെടുത്ത കുൽദീപ് യാദവാണ് വിശാഖപട്ടണത്തെ കാണികളെ ആദ്യം കൈയ്യിലെടുത്തത്. തുടർന്ന് 216 എന്ന അനായാസ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയപ്പോൾ കാണികളെ രസിപ്പിക്കുന്ന ചുമതല ഓപ്പണർ ശിഖാർ ധവാനും, യുവ താരം ശ്രേയസ് അയ്യറിനുമായി. സെഞ്ചുറി നേടിയ ധവാനും, 65 റൺസെടുത്ത അയ്യറും ഈ ജോലി ഭംഗിയായി നിറവേറ്റി. അവസാനം ഇന്ത്യയുടെ വിജയവും, പരമ്പര നേട്ടവും കണ്ട് മനസ് നിറഞ്ഞാണ് കാണികൾ വിശാഖ പട്ടണത്തെ ഗ്യാലറി വിട്ടത്.

എന്നാൽ മത്സരത്തിനും, പ്രെസന്റേഷൻ സെറിമണിക്കും ശേഷം ഇന്ത്യൻ ടീം ടീം ബസിലേക്ക് പോയ സമയം ഗ്യാലറിയിൽ നിന്ന് പുറത്തേക്ക് പോവാതിരുന്ന ഒരു സംഘം ആരാധകർ വേലിക്കെട്ട് ചാടി ഗ്രൗണ്ടിലെത്തി. 70 മുതൽ 80 പേരോളം വരുന്ന അവർ ഗ്രൗണ്ടിൽ നിന്ന് സെൽഫിയെടുക്കുകയും, തമാശരൂപേണ പിച്ച് റിപ്പോർട്ട് അവതരണം നടത്തുകയും, പിച്ചിലിറങ്ങി തങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളെ അനുകരിക്കുകയും ചെയ്തു. എന്നാൽ ഇത് തടയാൻ സെക്യൂരിറ്റി ജീവനക്കാർ ശ്രമിച്ചില്ല. ഇന്ത്യ ജയിച്ച സന്തോഷം  കാണികൾ അങ്ങനെ ആഘോഷിച്ചോട്ടെയെന്ന് അവരും കരുതി.

എന്നാൽ മൈതാനത്തിറങ്ങിയ കാണികൾ യാതൊരു തരത്തിലുള്ള നാശനഷ്ടങ്ങളുമുണ്ടാക്കാതെ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ച് ഗ്രൗണ്ടിന് വെളിയിൽ ഇറങ്ങുകയും ചെയ്തു. കൊച്ചിയിൽ കളികൾ വരുമ്പോൾ ഉണ്ടാകുന്ന ‘ശ്വാസം മുട്ടുന്ന സുരക്ഷ’ അനുഭവിച്ച് മടുത്ത മലയാളികളെ മുഴുവൻ കൊതിപ്പിക്കുന്നതാണ് വിശാഖപട്ടണത്ത് നടന്ന ഈ സംഭവം