കഴിഞ്ഞ കുറച്ചുനാളുകളായി ക്രിക്കറ്റിൽ അത്ര നല്ലസമയമല്ല കെ.എൽരാഹുലിന്റേത്. തുടർച്ചയായ ബാറ്റിംഗ് പരാജയങ്ങളെത്തുടർന്ന് ഓസീസിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ രാഹുൽ, പക്ഷേ നാലാം ടെസ്റ്റിൽ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലും ബാറ്റിംഗിൽ പക്ഷേ പരാജയമായിരുന്നു താരം. വെറും ഒൻപത് റൺസിലാണ് താരം ഇത്തവണ പുറത്തായത്. എന്നാൽ ബാറ്റിംഗിൽ നിരാശപ്പെടുത്തിയെങ്കിലുൻ ഫീൽഡിംഗിനിടെ കാഴ്ച വെച്ച സത്യസന്ധതയിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് രാഹുൽ.
ഓസീസിന്റെ ഒന്നാമിന്നിംഗ്സ് ബാറ്റിംഗിലെ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം. ജഡേജയാണ് പന്തെറിയുന്നത്. ജഡ്ഡുവെറിഞ്ഞ ഓവറിലെ ആദ്യ പന്ത് സ്റ്റെപ്പൗട്ട് ചെയ്ത് അടിക്കാൻ ശ്രമിച്ച ഓസീസ് ഓപ്പണർ ഹാരിസിന് പിഴച്ചു. കൃത്യമായി കണക്ട് ചെയ്യാൻ കഴിയാതിരുന്ന പന്ത് മിഡ് ഓണിലേക്ക് ഉയർന്നു. അവിടെ ഫീൽഡ് ചെയ്തിരുന്ന രാഹുൽ ഒരു മുഴുനീളൻ ഡൈവിലൂടെ പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും പന്ത് നിലത്ത് കുത്തിയിരുന്നു. അത് വിക്കറ്റാണെന്നോർത്ത് ജഡേജ അടക്കമുള്ള ഇന്ത്യൻ താരങ്ങൾ ആഹ്ലാദപ്രകടനം തുടങ്ങി വന്നെങ്കിലും അത് ക്യാച്ചല്ലെന്നും പന്ത് നിലത്ത് കുത്തിയെന്നും രാഹുൽ ആംഗ്യം കാണിക്കുകയായിരുന്നു.
A good effort from Rahul and he immediately says it bounced. Great stuff. Umpire Gould a big fan of it #CloseMatters#AUSvIND | @GilletteAU pic.twitter.com/7nA0H5Lsc7
— cricket.com.au (@cricketcomau) January 4, 2019
ഇന്ത്യൻ താരം ജസ്പ്രിത് ബുംറയും, അമ്പയറായ ഇയാൻ ഗുൾഡും രാഹുലിന്റെ ഈ സത്യസന്ധതയെ മൈതാനത്ത് വെച്ച് തന്നെ പ്രശംസിച്ച് രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും രാഹുലിന്റെ മാന്യതയെ വാഴ്ത്തുകയാണ് ഇപ്പോൾ ആരാധകർ.