ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ചുറി നേട്ടം ഇനി അഫ്ഗാനിസ്ഥാന് താരത്തിന് സ്വന്തം. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഷഫിഖുള്ള ഷഫാഗ് ആണ് 89 പന്തില്‍ 200 പിന്നിട്ട് ചരിത്രം തീര്‍ത്തത്. അഫ്ഗാനിസ്ഥാനിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റായ അലോക്കസി അഹമ്മദ് ഷാ അബാദി ചതുര്‍ദിന ടൂര്‍ണമെന്റിലാണ് ഷഫിഖുള്ളയുടെ വെടിക്കട്ട് പ്രകടനം.
കാബൂള്‍ പ്രവിശ്യയുടെ ക്യാപ്റ്റനായ ഷഫിഖുള്ളയുടെ വിസ്മയ പ്രകടനം ബൂസ്റ്റ് പ്രവിശ്യയ്ക്കെതിരേ രണ്ടാം ഇന്നിംഗ്സിലാണ്. മൂന്നിന് 58 റണ്‍സെന്ന നിലയില്‍ കബൂള്‍ പതറിയ സമയത്തായിരുന്നു ക്യാപ്റ്റന്റെ രംഗപ്രവേശനം. ആദ്യ 50 റണ്‍സ് പിന്നിട്ടത് 29 പന്തില്‍. അതില്‍ മൂന്നു ഫോറും അഞ്ചു സിക്സും. പിന്നീട് സ്കോറിംഗിന്റെ വേഗത കൂട്ടിയ ഷഫിഖുള്ള വെറും 52 പന്തില്‍ തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി കണ്ടെത്തി. മൂന്നക്കം കടന്നശേഷം തകര്‍ത്തടിച്ച താരം വെറും 89 പന്തില്‍ ഡബിള്‍ സെഞ്ചുറിയും തികച്ചു. 24 സിക്സറുകളാണ് ആ ബാറ്റില്‍ നിന്ന് പിറന്നത്.
സാക്ഷാല്‍ രവി ശാസ്ത്രിയുടെ 34 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് ഷഫിഖുള്ള തകര്‍ത്തത്. ശാസ്ത്രി ബോംബെയ്ക്കുവേണ്ടി ബറോഡയ്ക്കെതിരേ 123 പന്തിലാണ് ഡബിള്‍ നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തിയ താരമെന്ന റിക്കാര്‍ഡും ഷഫിഖുള്ള ഈ മത്സരത്തില്‍ നേടി. ന്യൂസിലന്‍ഡ് താരം കോളിന് മണ്‍റോ നേടിയ 23 സിക്സറുകളാണ് പഴങ്കഥയായത്.