SHARE

കഴിഞ്ഞ ദിവസമാണ് ഐലീഗ് ക്ലബ്ബായ ചെന്നൈ സിറ്റിയുടെ 26 ശതമാനം ഓഹരികൾ സ്വിറ്റ്സർലൻഡ് സൂപ്പർ ക്ലബ്ബ് എഫ് സി ബാസൽ സ്വന്തമാക്കിയത്. ഡെൽഹിയിൽ നടന്ന ചടങ്ങിൽ വെച്ച് എഫ് സി ബാസൽ പ്രസിഡന്റ് ബെർണാർഡ് ബെർനൂഗൻ, ചെന്നൈ സിറ്റി ക്ലബ്ബ് അധികൃതർ എന്നിവർ ചേർന്നായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്. ഇപ്പോളിതാ ഇതിന്റെ പേരിൽ സ്വിസ് ക്ലബ്ബിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആരാധകർ.

ഇന്ത്യൻ ക്ലബ്ബിൽ പണം നിക്ഷേപിച്ചതിനെതിരെ രംഗത്ത് വന്ന ഒരു കൂട്ടം ബാസൽ ആരാധകർ പ്രതിഷേധം‌ നടത്തുകയും ഇതിനെതിരെ ബാനറുകൾ ഉയർത്തുകയും ചെയ്തു. സ്വന്തം ടീമിലേക്ക് താരങ്ങളെ വാങ്ങാൻ പോലും കഴിയാതെ ക്ലബ്ബ് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ ഇന്ത്യൻ ക്ലബ്ബിൽ പണം നിക്ഷേപിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. വലിയ എതിർപ്പുകളാണ് ഇതേത്തുടർന്ന് ബാസൽ ക്ലബ്ബ് ആരാധകരിൽ നിന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്.

അതേ സമയം ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സാല, ക്രൊയേഷ്യൻ ഹീറോ ഇവാൻ റാക്കിട്ടിച്ച്, സ്വിസ് താരം ഷെർദാൻ ഷാഖിരി എന്നിവർ കളിച്ചിട്ടുള്ള ക്ലബ്ബാണ് ബാസൽ. കഴിഞ്ഞ വർഷവും ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്തിയ ബാസൽ, സ്വിറ്റ്സർലൻഡിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്.