SHARE

അവസാനം ബെംഗളൂരു എഫ് സിയും തോൽവി എന്തെന്നറിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാംവിജയം തേടി ഗോവയെ അവരുടെ മണ്ണിൽ നേരിട്ട ബെംഗളൂരു എഫ് സി യെ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. സ്കോർ നില സൂചിപ്പിക്കുന്നത് പോലെ തന്നെ നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വാശിയേറിയ പോരാട്ടമായിരുന്നു ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്നത്. 36 – ം മിനുറ്റിൽ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയതിന് ശേഷം 10 പേരുമായാണ് സന്ദർശകർ കളിച്ചത്. വിജയികൾക്ക് വേണ്ടി ഹാട്രിക്ക് നേടിയ കോറോയും, മാനുവൽ ലാൻ സറോട്ടെയുമാണ് ഗോൾ വല കുലുക്കിയത്. മിക്കു (രണ്ട്) ,പട്ടാലു എന്നിവരാണ് ബെംഗളൂരുവിന്റെ ഗോൾ സ്കോറേഴ്സ്.

  • ആദ്യപകുതി

ആക്രമണ ഫുട്ബോൾ കളിക്കുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടുന്ന മത്സരമായതിനാൽത്തന്നെ തുടർച്ചയായ ഫൗളുകളോടെയാണ് ഫറ്റോർഡയിൽ മത്സരം ആരംഭിച്ചത്. അനാവശ്യ ഫൗളുകൾ നിറഞ്ഞു നിന്ന ആദ്യ പകുതിയുടെ പതിനാറാം മിനുറ്റിൽ കോറോയിലൂടെ എഫ് സി ഗോവയാണ് ആദ്യ വെടി പൊട്ടിച്ചത്. ഡിഫൻഡർമാരെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് ബംഗളൂരു ബോക്സിലേക്ക് നുഴഞ്ഞ് കയറിയ കോറോ പോസ്റ്റിന്റെ വലത് മൂലയിലേക്ക് തൊടുത്ത് വിട്ട പന്ത് രക്ഷപെടുത്താൻ ഗുർപ്രീത് സിംഗ് സന്ധുവിന്റെ മുഴു നീളൻ ഡൈവിനുംസാധിച്ചില്ല. എന്നാൽ അഞ്ച് മിനുറ്റ് മാത്രമായിരുന്നു ആതിഥേയരുടെ ഗോൾ ലീഡ് നില നിന്നത്.21 -ംമിനുറ്റിൽ സ്പാനിഷ് ടച്ച് കണ്ട പാസിൽ നിന്ന് മിക്കുവിലൂടെ ഗോൾ വല കുലുക്കി ബംഗളൂരു ഗോവയ്ക്കൊപ്പമെത്തി.
സ്കോർ 1-1.

മത്സരത്തിന്റെ 23 -ം മിനുറ്റിൽ ബംഗളൂരുവിന്റെ ഉദാന്ത സിംഗിന് ഫ്രീ ഹെഡർ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 33 ആം മിനുറ്റിൽ കോറോ വീണ്ടും സന്ധുവിനെ കീഴടക്കി. കൃത്യമായി പ്ലാൻ ചെയ്ത് വന്ന ഫ്രീകിക്കിൽ നിന്ന് കിട്ടിയ പന്ത് ഫസ്റ്റ് പോസ്റ്റിലേക്ക് തട്ടിക്കയറ്റി കോറോ മത്സരത്തിൽ തന്റെ രണ്ടാം ഗോൾ നേടുമ്പോൾ സ്കോർ ഗോവ 2-1 ബെംഗളൂരു

36 -ംമിനുറ്റായിരുന്നു മത്സരത്തിന്റെ തന്നെ ഏറ്റവും സംഭവ ബഹുലമായത്. ബെംഗളൂരു എഫ് സി ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ മുപ്പത്തിയാറാം മിനുറ്റിലെ അനാവശ്യമായ ഫൗൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുകയായിരുന്നു. ചുവപ്പ് കാർഡ് പുറത്തെടുക്കാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മണ്ടത്തരമെന്ന് പറയാവുന്ന ആ ഫൗൾ സന്ധുവിന് പുറത്തേക്കുള്ള വഴി തെളിച്ചതിനൊപ്പം ഗോവയ്ക്ക് ഒരു പെനാൽറ്റിയും സമ്മാനിച്ചു.പകരക്കാരനായിറങ്ങിയ ഗോൾ കീപ്പർ അഭ്രാ മൊണ്ടലിനെ അനായാസം കീഴടക്കി ലാൻസറോട്ടെ പെനാൽറ്റി ഗോൾ നേടുമ്പോൾ ഗോവൻ ഗ്യാലറി ഇളകി മറിഞ്ഞു. സ്കോർ എഫ് സി ഗോവ 3-1 ബെംഗളൂരു എഫ് സി .

  • രണ്ടാംപകുതി

പത്ത് പേരുമായി ചുരുങ്ങിയെങ്കിലും അത് തങ്ങളുടെ പോരാട്ട വീര്യത്തെ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു രണ്ടാംപകുതിയുടെ തുടക്കത്തിൽ ബെംഗളൂരുവിന്റെ പ്രകടനം. 57 -ം മിനുറ്റിൽ എറിക്ക് പട്ടാലുവിന്റെ ഗോളിൽ രണ്ടാംഗോൾ കണ്ടെത്തിയ ബെംഗളൂരു 61 – ം മിനുറ്റിലെ മിക്കുവിന്റെ ഗോളിൽ മൂന്നാം ഗോൾ നേടി ഗോവയ്ക്കൊപ്പമെത്തി. പക്ഷേ സന്ദർശകരുടെ ആശ്വാസം അധിക നേരം നീണ്ടു നിന്നില്ല, രണ്ട് മിനുറ്റുകൾക്കുള്ളിൽ തന്റെ ഹാട്രിക്ക് ഗോൾ കണ്ടെത്തിയ കോറോ ബംഗളൂരുവിന് മേൽ അവസാന ആണിയും തറച്ചു. നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഹാട്രിക്കാണ് കോറോ നേടിയത്. പിന്നീട് മത്സരം പുരോഗമിക്കുന്തോറും ഒരാളുടെ കുറവ് എന്താണെന്ന് ബെംഗളൂരു ശരിക്കുമറിഞ്ഞു. അവസാന വിസിൽ മുഴങ്ങുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പരാജയം നുണഞ്ഞ ബെംഗളൂരു എഫ് സി തലതാഴ്ത്തിയപ്പോൾ സ്വന്തം കാണികളുടെ മുന്നിൽ തകർപ്പൻ വിജയം സ്വന്തമാക്കിയ സന്തോഷത്തിലായിരുന്നു എഫ് സി ഗോവ.