SHARE

ഇന്ത്യൻ സൂപ്പര്‍ ലീഗിലെ നാലാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ജയമില്ല. ഫത്തോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശക്തരായ എഫ്‌സി ഗോവ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ചത്. 90ാം മിനുറ്റില്‍ വിസെന്റെ ഗോമസാണ് കേരളത്തിന്റെ ഗോള്‍ കണ്ടെത്തിയത്. ഇഗോര്‍ ആംഗുലോ (30, 90+3), ഓര്‍ട്ടിസ് (53) എന്നീ താരങ്ങള്‍ ഗോവയുടെ വിജയ ഗോളുകള്‍ നേടി. ഗോവ ആധിപത്യം കാട്ടിയ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും എതിര്‍ പ്രതിരോധവും നിര്‍ഭാഗ്യവും വില്ലനായി. ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം തോല്‍വിയാണിത്. രണ്ടു സമനില അടക്കം നാലു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ടീം. ഡിസംബര്‍ 13ന് ഫത്തോര്‍ഡയിലെ ഇതേ വേദിയില്‍ ബെംഗളൂരു എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്നൂ മാറ്റങ്ങള്‍ വരുത്തിയാണ് എഫ്‌സി ഗോവക്കെതിരായ എവേ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ സിഡോഞ്ചക്ക് പകരക്കാരനായി സ്പാനിഷ് താരമായ വിസെന്റെ ഗോമസെത്തി. സിഡോയുടെ അഭാവത്തില്‍ കോസ്റ്റ നമോയിനേസുവാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചത്. രാഹുല്‍ കെ.പി, ജെസെല്‍ കര്‍ണെയ്‌റോ എന്നിവരും ആദ്യ ഇലവനില്‍ വന്നു. സെയ്ത്യസെന്‍ സിങും യേന്ദ്രേംബാം ദെനചന്ദ്രയും സൈഡ് ബെഞ്ചിലേക്ക് മാറി. ഗാരി ഹൂപ്പര്‍, ഫാക്കുണ്ടോ പെരേരെ, രോഹിത് കുമാര്‍, നോംഗ്ദാംബ നൗറേം, ബകാരി കോനെ, നിഷു കുമാര്‍, ആല്‍ബിനോ ഗോമെസ് (ഗോള്‍കീപ്പര്‍) എന്നിവരായിരുന്നു ആദ്യ ഇലവനിലെ മറ്റു താരങ്ങള്‍. മുഹമ്മദ് നവാസ് (ഗോള്‍കീപ്പര്‍), ഇവാന്‍ ഗോണ്‍സാലസ്, ജെയിംസ് ഡൊണാചി, ഓര്‍ട്ടിസ് മെന്‍ഡോസ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, അലക്‌സാണ്ടര്‍ ജെസുരാജ്, ഈഗോര്‍ അംഗുലോ, സെറിറ്റണ്‍ ഫെര്‍ണാണ്ടസ്, സാവിയര്‍ ഗാമ, എഡു ബേഡിയ, ലെന്നി റോഡ്രിഗസ് എന്നിവരുള്‍പ്പെട്ടതായിരുന്നു ഗോവയുടെ ആദ്യ ഇലവന്‍.

കളിതുടങ്ങി ആദ്യമിനുറ്റുകളില്‍ തന്നെ ഇടത് പാര്‍ശ്വത്തിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന് തുടക്കമിട്ടു. രാഹുല്‍ കെപിയും ഹൂപ്പറുമാണ് ആദ്യശ്രമങ്ങള്‍ തുടങ്ങിയത്. പത്താം മിനുറ്റില്‍ മെന്‍ഡോസയുടെ ഒരു ലോങ് റേഞ്ചര്‍ ബ്ലാസ്‌റ്റേഴ്‌സിനെ പരീക്ഷിച്ചു. വലയുടെ 20 വാര അകലെ നിന്നുള്ള ഷോട്ട് ബാറില്‍ തട്ടിയത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമായി. തൊട്ടടുത്ത മിനുറ്റില്‍ ബോക്‌സിനകത്ത് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച ഒരു അവസരം മുതലെടുക്കാന്‍ ഫാക്കുണ്ടോ പെരേരക്കായില്ല. 17ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരത്തിന്റെ പിഴവ് ഗോവക്ക് ഗോള്‍ സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും, മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിട്ടും ലക്ഷ്യം കണ്ടെത്താന്‍ ആംഗുലോക്ക് കഴിഞ്ഞില്ല. ബാറില്‍ തട്ടി ഗോവയുടെ മറ്റൊരു ശ്രമം കൂടി വിഫലമായി. ഇരുടീമുകളും നീക്കങ്ങളുടെ മൂര്‍ച്ച കൂട്ടി. പെരേരയുടെ ഒരു കോര്‍ണര്‍ കിക്ക് ഗോവ ഗോളി നവാസ് പഞ്ച് ചെയ്ത് പുറത്താക്കി. പന്ത് ബോക്‌സില്‍ തന്നെ വീണു, ഗോവന്‍ അപകടം ഒഴിവാക്കി.ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയ മികച്ച നീക്കമായിരുന്നു 25ാം മിനുറ്റില്‍ കണ്ടത്. പക്ഷേ വലതുപാര്‍ശ്വത്തിലൂടെയുള്ള നീക്കത്തിനൊടുവിലെ വിസെന്റെ ഗോമസിന്റെ ഗോള്‍ശ്രമം വിഫലമായി.

30ാം മിനുറ്റില്‍ ആംഗുലോയിലൂടെ എഫ്‌സി ഗോവ മുന്നിലെത്തി. ബോക്‌സിന് പുറത്ത് നിന്ന് സാവിയര്‍ ഗാമ നല്‍കിയ ലോവര്‍കട്ട് പാസില്‍ ആംഗുലോക്ക് പിഴച്ചില്ല. അഡ്വാന്‍സ് ചെയ്ത ആല്‍ബിനോ ഗോമസിന്റെ തലക്ക് മുകളിലൂടെ പന്ത് കോരിയിട്ട സ്പാനിഷ് താരം തുടര്‍ച്ചയായ നാലാം മത്സരത്തിലും ഗോവക്കായി ഗോള്‍ കണ്ടെത്തി. 36ാം മിനുറ്റില്‍ പെരേരയുടെ ഫ്രീകിക്ക് വലയ്ക്ക് അടുത്തായി സ്ഥാനമുറപ്പിച്ച കോസ്റ്റയിലേക്ക്, നായകന്റെ ഹെഡര്‍ വലതൊടാതെ പോയി. ആദ്യപകുതിക്ക് മുമ്പ് സമനില നേടാന്‍ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു അവസരം കൂടി വന്നു. കെപി രാഹുലിന്റെ ഊര്‍ജം നിറച്ചൊരു ക്രോസ്, ഗോമസ് പോസ്റ്റിലേക്ക് ഗതി മാറ്റിയെങ്കിലും നവാസ് ഡൈവ് ചെയ്ത് പന്ത് കയ്യിലൊതുക്കി. ഗോവയുടെ ഒരു ഗോള്‍ ലീഡോടെ കളി ആദ്യ പകുതിക്ക് പിരിഞ്ഞു.

രണ്ടാം പകുതിയിലും ഗോവ തങ്ങളുടെ ആധിപത്യം തുടര്‍ന്നു. തുടക്കത്തിലേ ലീഡുയര്‍ത്താനുള്ള ഒരു നീക്കം ആല്‍ബിനോ കുത്തിയകറ്റി. അധികം വൈകാതെ ഗോവ ലീഡുയര്‍ത്തി. 53ാം മിനുറ്റില്‍ ബ്രന്‍ഡണ്‍ ഫെര്‍ണാണ്ടസിന്റെ കൃത്യമായ പാസില്‍ നിന്ന് ബോക്‌സിനകത്ത് നിന്ന് തൊടുത്ത ഷോട്ടില്‍ ഓര്‍ട്ടിസാണ് കേരളത്തിന്റെ വല കുലുക്കിയത്. 60ാം മിനുറ്റില്‍ ആംഗുലയുടെ ഒരു അപകടകരമായ നീക്കം ആല്‍ബിനോ ക്ലിയര്‍ ചെയ്തു. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സ് രണ്ടു മാറ്റങ്ങള്‍ വരുത്തി. നൗറേമിനും കോനെക്കും യഥാക്രമം ഖാല്‍റിങും ജോര്‍ദാന്‍ മുറേയും പകരക്കാരായി. തുടര്‍ച്ചയായ രണ്ടു അവസരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായി. ഗോവയുടെ ലീഡ് ശ്രമങ്ങള്‍ പ്രതിരോധം തടഞ്ഞിട്ടു. കോര്‍ണര്‍ കിക്കിനും ബോക്‌സിലെ കൂട്ടിപൊരിച്ചിലിനുമൊടുവില്‍ വിസെന്റെ ഗോമസ് തൊടുത്ത ഒരുഗ്രന്‍ ഷോട്ട് മുകള്‍ ബാറില്‍ തട്ടി, വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ഭാഗ്യം. രാഹുല്‍ കെപി ഇറങ്ങി സെയ്ത്യാസെന്‍ സിങ് വന്നു, രോഹിതിന് പകരം റിത്വിക്കും കളത്തിലെത്തി.

90ാം മിനുറ്റില്‍ വിസെന്റെ ഗോമെസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോള്‍ തിരിച്ചടിച്ചു. നിഷുകുമാറിന്റെ ക്രോസില്‍ നിന്ന് മികച്ചൊരു ഹെഡറിലൂടെയായിരുന്നു ഗോമെസിന്റെ ഐഎസ്എലിലെ ആദ്യ ഗോള്‍. തൊട്ടുപിന്നാലെ തുടര്‍ച്ചയായ ഫൗളിന് നായകന്‍ കോസ്റ്റ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. കളിയുടെ അവസാന മിനുറ്റില്‍ ആല്‍ബിനോ ഗോമസ് വരുത്തിയ പിഴവിലൂടെ മത്സരത്തിലെ രണ്ടാം ഗോള്‍ നേടി ആംഗുലോ എഫ്‌സി ഗോവയുടെ പട്ടിക പൂര്‍ത്തിയാക്കി.