പ്രീ സീസണ് മത്സരത്തില്‍ കേരള സന്തോഷ് ട്രോഫി ടീമിനെതിരെ ഗോള്‍ മഴ പെയ്യിച്ച് എഫ് സി ഗോവ. എതിരില്ലാത്ത ആറു ഗോളുകളാണ് എതിരാളികള്‍ കേരളാ വലയിലേയ്ക്ക് തൊടുത്തത്. ഗോവയില്‍ വച്ചായിരുന്നു മത്സരം നടന്നത്. സ്പാനീഷ് താരം കോറോ ഇരട്ട ഗോള്‍ നേടി.
ആദ്യാവസാനം ആക്രമിച്ചു കളിച്ച ഗോവയോട് എതിരിട്ടു നില്ക്കാന് കേരളം നന്നേ പണിപ്പെട്ടു. മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം ലെന് ദംഗലാണ് 18-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചത്. 22-ാം മിനിററില് കിംഗ്സ്ലിയും 25-ാം മിനിറ്റില്‍ കോറോയും ഗോള്‍ നേടിയപ്പോള്‍ 8 മിനിറ്റിനുള്ളില്‍ പിറന്നത് മൂന്നു ഗോള്‍. ആദ്യ പകുതിയല്‍ തന്നെ ആതിഥേയര്‍ മൂന്നു ഗോളിനു മുമ്പില്‍.
രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല 56-ാം മിനിറ്റില്‍ ജാക്കി ചന്ദും 60-ാം മിനിറ്റില്‍ വീണ്ടും കോറോയും 83-ാം മിനിട്ടില്‍ ഒപിയും ഗോളുകള്‍ നേടി. എന്നാല്‍ മറുപടിയായി ഗോവയുടെ വല ഒരു തവണയെങ്കലും കുലുക്കാന്‍ കേരളത്തിനായില്ല. ഗോള്‍ കീപ്പര്‍ സച്ചിന് ചുവപ്പ് കാര്‍ഡ് കിട്ടിയതും തിരിച്ചടിയായി.