ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിന് തയ്യാറെടുക്കുകയാണ് എഫ്സി. കഴിഞ്ഞ സീസണിൽ ഏറെ മാറ്റങ്ങൾ ഉണ്ടായിട്ടും പ്ലേ ഓഫ് വരെയെത്തി മികവ് തെളിയിക്കാൻ ഗോവയ്ക്ക് സാധിച്ചിരുന്നു. വിദേശതാരങ്ങളിലടക്കം സ്ക്വാഡിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഇക്കുറി ഗോവ ഇറങ്ങുന്നത്. ഡ്യൂറാൻഡ് കപ്പിൽ കിരീടമുയർത്തി ഗോവ സീസൺ ഉജ്ജ്വലമായി തുടങ്ങുകയും ചെയ്തു.
ഇക്കുറി ഐഎസ്എല്ലിൽ വിദേശതാരങ്ങളുടെ എണ്ണം കുറിച്ചിട്ടുണ്ട്. ടീമുകൾക്ക് സൈൻ ചെയ്യാവുന്ന വിദേശികളുടെ എണ്ണം ആറും പ്ലേയിങ് ഇലവനിൽ നാലുമായാണ് കുറച്ചത്. എന്നാൽ കഴിഞ്ഞ സീസണിൽ തന്നെ ഗോവ പല മത്സരങ്ങളും വിദേശികളുടെ എണ്ണം കുറച്ചാണ് കളിച്ചത്. അതുകൊണ്ട് തന്നെ ഈ മാറ്റം ഗോവയെ കാര്യമായി ബാധിക്കില്ല എന്നാണ് പരിശീലകൻ ജുവാൻ ഫെറാൻഡോ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്.
ലൈനപ്പ് തയ്യാറാക്കുമ്പോൾ ഞാനൊരിക്കലും കളിക്കാരുടെ പേരുകളല്ല നോക്കുന്നത്, അവർ ഇന്ത്യക്കാരോണോ വിദേശികളാണോ എന്നൊന്നും പരിഗണിക്കില്ല, എന്നെ സംബന്ധിച്ചിടത്തോളം അവരെല്ലാവരും എഫ്സി ഗോവ എന്ന ടീമിന്റെ ഭാഗമാണ്, വിദേശതാരങ്ങളായതുകൊണ്ട് മാത്രം ആർക്കും ലൈനപ്പിൽ സ്ഥാനം ഉറപ്പുണ്ടാകില്ല, നാല് വിദേശികളെയെ കളിപ്പിക്കാനകു എന്നത് സത്യമാണ്, ചാമ്പ്യൻസ് ലീഗിൽ ഇക്കാര്യത്തിൽ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു, എന്നാൽ ഞാൻ ഇന്ത്യൻ താരങ്ങളിൽ വിശ്വസിക്കുന്നു, ഫെറാൻഡോ വ്യക്തമാക്കി.