SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഏറ്റവും മികച്ച ആരാധകരുള്ളത് കേരളാ ബ്ലാസ്റ്റേഴ്സിനും എഫ്സി ​ഗോവയ്ക്കുമാണെന്ന് സ്പാനിഷ് താരം എഡു ബെഡിയ. ​ഗോവയ്ക്കൊപ്പം ആറാമത്തെ സീസണിന് തയ്യാറെടുക്കുകയാണ് എഡു. കഴിഞ്ഞ ദിവസം സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എഡു ഇക്കാര്യം പറഞ്ഞത്.

ആരാധകർക്ക് സ്റ്റേഡിയങ്ങളിലേക്ക് തിരിച്ചെത്താനാകുമെന്നതാണ് ഏറ്റവും മികച്ച വാർത്ത, കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളായി ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കേണ്ടിവന്നത് ബുദ്ധിമുട്ടായിരുന്നു, ഞങ്ങളുടെ ടീമിൽ ഒരുപാട് യുവതാരങ്ങളുണ്ട്, ഇവരിൽ പലരും തന്നെ ആരാധകർക്ക് മുന്നിൽ ഇതുവരെ കളിച്ചിട്ടില്ല, ഇപ്പോൾ എല്ലാ എതിർ ടീമിനും അവരുടെ ആരാധകർക്കും ‍ഞങ്ങളുടെ ആരാധകരെ കൂടി നേരിടേണ്ടിവരും, ആരാധകരുടെ സാന്നിധ്യം ഞങ്ങൾക്ക് അധിക ആനുകൂല്യം നൽകുന്നുണ്ട്, ​ഗോവയ്ക്കും കേരളാ ബ്ലാസ്റ്റേഴ്സിനുമാണ് ഐഎസ്എല്ലിൽ ഏറ്റവും മികച്ച ആരാധകക്കൂട്ടമുള്ളത്, എഡു പറഞ്ഞു.

എഫ്സി ​ഗോവയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും എഡു സംസാരിച്ചു. ​ഗോവ എന്റെ കരിയറിലെ ഏതെങ്കിലുമൊരു ക്ലബ് മാത്രമല്ല, അതിലുമപ്പുറം എന്തൊക്കെയോ എനിക്ക് ഈ ക്ലബുമായി പ്രത്യേക അടുപ്പമുണ്ട്, ക്ലബിനൊപ്പം ആറാം സീസണാണിത്, ഇതിനിടെ ​ഗോവയിൽ മാത്രമല്ല ഐഎസ്എല്ലിലും ഒട്ടേറെ മാറ്റങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞു, എഡു പറഞ്ഞു.