SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിൽ പുതിയ പരിശീലനായ കാർലോസ് പെനയുടെ കീഴിലാണ് ​ഗോവ ​ഗ്രൗണ്ടിലിറങ്ങുക. പരിശീലകനെന്ന നിലയിൽ പുതിയ ദൗത്യമാണെങ്കിലും പെനയ്ക്ക് ​ഗോവ മനപ്പാഠമാണ്. രണ്ട് സീസൺ ​ഗോവയ്ക്കായി കളിച്ച് ഫാൻഫേവറിറ്റായി മടങ്ങിയ പെനയാണ് ഇപ്പോൾ ഒരു നിർണായകഘട്ടത്തിൽ ക്ലബ് ദൗത്യമേറ്റെടുക്കുന്നത്.

ഒരു സീനിയർ ടീം പരിശീലകനെന്ന നിലയിൽ പെനയ്ക്ക് ഇത് ആദ്യ ദൗത്യമാണ്. എന്നാൽ ഐഎസ്എല്ലിനെക്കുറിച്ച് തനിക്ക് വളരെ നന്നായി അറിയാമെന്നതാണ് പെന ഈ ദൗത്യമേറ്റെടുക്കുന്നതിന് കാരണമായി പറഞ്ഞത്. ​ഗോവയിലെ ഈ മുൻപരിചയം തന്നെയാണ് പെന ക്ലബ് പരിശീലകനാകുമ്പോൾ തനിക്ക് പ്രധാനമായും പ്രതീക്ഷനൽകുന്നതെന്ന് സൂപ്പർതാരം ബ്രണ്ടൻ ഫെർണാണ്ടസ് പറഞ്ഞു. മുമ്പ് പെനയ്ക്കൊപ്പവും ബ്രണ്ടൻ ​ഗോവയിൽ കളിച്ചിട്ടുണ്ട്.

പെന ​ഗോവയിൽ തിരിച്ചെത്തുന്നതിൽ വളരെ സന്തോഷം, ​​ഗോവയിൽ കളിച്ച രണ്ട് സീസണുകളിൽ പെനയുടെ കളിമികവിന്റേയും നേതൃശേഷിയുടേയും ​ഗുണം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്, മുമ്പ് രണ്ട് കിരീടങ്ങൾ നേടിയപ്പോൾ അതിൽ പെനയുടെ സാന്നിധ്യം അത്രയേറെ പ്രധാനപ്പെട്ടതായിരുന്നു, ഇപ്പോൾ അതേപൊലെയൊരു തിരിച്ചുവരവിന് ഞങ്ങൾ തയ്യാറെടുക്കുമ്പോൾ പെനയുടെ വരവ് അതിന് കരുത്ത് പകരും, ബ്രണ്ടൻ പറഞ്ഞതായി ഖേൽനൗ റിപ്പോർട്ട് ചെയ്തു.

സീനിയർ ടീം പരിശീലകനെന്ന നിലയിൽ പെനയ്ക്ക് ഇത് ആദ്യ ദൗത്യമായിരിക്കും, എന്നാൽ ​ഗോവയ്ക്കൊപ്പം കിരീടമുയർത്തുമ്പോഴുള്ള അനുഭവം അദ്ദേഹത്തിന് പരിചിതമാണ്, പെന പരിശീലകനായെത്തുന്നതോടെ ടീമിന് അതിന്റെ പോസിറ്റീവ് മെന്റാലിറ്റി തിരികെലഭിക്കും, കളിച്ചിരുന്ന കാലത്ത് ടീമിലെ ഏവരും ബഹുമാനിച്ചിരുന്ന താരം കൂടിയാണ് പെന, ബ്രണ്ടൻ പറഞ്ഞു.