SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിന് തയ്യാറെടുക്കുന്ന എഫ്സി ​ഗോവയ്ക്ക് ആശ്വാസമായി സൂപ്പർതാരം ജോർജ് ഓർട്ടിസ് കളിച്ചേക്കും. പരുക്കിനെത്തുടർന്ന് ഓർട്ടിസിന് ഐഎസ്എല്ലിലെ കുറച്ച് മത്സരങ്ങൾ നഷ്ടമാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഓർട്ടിസ് ഫിറ്റാണെന്ന് പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തു,

29-കാരനായ ഓർട്ടിസ് സ്പാനിഷ് വിങ്ങറാണ്. കഴിഞ്ഞ സീസണിൽ ​ഗോവയിലെത്തിയ താരത്തെ ക്ലബ് ഇക്കുറി നിലനിർത്തുകയായിരുന്നു. എന്നാൽ സെപ്റ്റംബറിൽ നടന്ന ഡ്യൂറാൻഡ് കപ്പ് മത്സരത്തിനിടെ ഓർട്ടിസിനെ പരുക്കേറ്റിരുന്നു. ഇതോടെ ഓർട്ടിസിന് കുറച്ച് മത്സരങ്ങൾ നഷ്ടമാകുകയും ചെയ്തിരുന്നു. ​ഗോവയുടെ പ്രീ സീസൺ മത്സരങ്ങളിലൊന്നും ഓർട്ടിസ് കളിച്ചതുമില്ല. എന്നാൽ താരത്തിന് ഇപ്പോൾ പ്രശ്നമൊന്നുമില്ലന്നാണ് മാർക്കസ് പറയുന്നത്. ഇതോടെ ഓർട്ടിസിന്റെ സേവനം ​ഗോവയ്ക്ക് സീസൺ തുടക്കം മുതൽ കിട്ടുമെന്നുറപ്പായി. എന്നാൽ താരം ആദ്യ ഇലവനിൽ ഇടം പിടിക്കുമോയെന്ന് സംശയമാണ്. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് മുംബൈ സിറ്റിയുമാണ് ​ഗോവയുടെ സീസണിൽ ആദ്യ മത്സരം.

അത്ലിറ്റിക്കോ മഡ്രിഡിന്റെ ബി ടീമിൽ കളിച്ചിട്ടുള്ള ഓർട്ടിസ് രണ്ട് വർഷത്തെ കരാറിലാണ് ​ഗോവയിലെത്തിയത്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലേക്കുള്ള ​ഗോവയുടെ കുതിപ്പിൽ നിർണായകപങ്ക് വഹിച്ചിരുന്നു ഓർട്ടിസ്. മുൻനിരയിലെ വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരമാണ് ഓർട്ടിസ്.