SHARE

ഇന്ത്യൻ സൂപ്പർ ലീ​​ഗ് എട്ടാം സീസണിലെ തങ്ങളുടെ ആദ്യമത്സരത്തിൽ എഫ്സി ​ഗോവ മുംബൈ സിറ്റിയോട് ദയനീയമായി തോറ്റു. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു മുംബൈ സിറ്റി ​ഗോവയെ തകർത്തത്. അറ്റാക്കിങ് ഫുട്ബോളിന് ഏറെ പേരുകേട്ട ​ഗോവയുടെ ഈ കനത്ത തോൽവി ആരാധകരെ ഏറെ നിരാശപ്പെടുത്തി.

മത്സരത്തിൽ ​ഗോവയുടെ സൂപ്പർതാരവും ക്യാപ്റ്റന്മാരിലൊരാളുമായ ബ്രണ്ടൻ ഫെർണാണ്ടസ് കളിക്കാതിരുന്നതും ആരാധകരെ അത്ഭുതപ്പെടുത്തി. മത്സരദിനസ്ക്വാഡിൽ പോലും ബ്രണ്ടൻ ഉണ്ടായിരുന്നില്ല. പരുക്കിനെത്തുടർന്നാണ് ബ്രണ്ടൻ കളിക്കാതിരുന്നതെന്ന് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ പിന്നീട് വ്യക്തമാക്കി.

സാഫ് കപ്പിൽ ഇന്ത്യൻ ദേശീയ ടീമിനായി കളിക്കുന്നതിനിടെ ബ്രണ്ടന് പരുക്കേറ്റിരുന്നു, ഇതിൽ നിന്ന് താരം പൂർണമായും മുക്തനായിട്ടില്ല, ഈ സാഹചര്യത്തിൽ ആദ്യ മത്സരം കളിക്കാൻ ബ്രണ്ടൻ ഫിറ്റ് ആയിരുന്നില്ല, അതുകൊണ്ടാണ് ബ്രണ്ടനെ ഒഴിവാക്കിയത്, മാർക്കസ് ട്വീറ്റ് ചെയ്തു. അതേസമയം വൈകാതെ തന്നെ ബ്രണ്ടൻ കളിക്കളത്തിൽ തിരിച്ചെത്തുമെന്നും മാർക്കസ് കൂട്ടിച്ചേർത്തു.