SHARE

കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഞായറാഴ്ച നക്കുന്ന ഐ.എസ്.എൽ പോരാട്ടത്തിൽ ​ഗോവയ്ക്കായി മുന്നേറ്റതാരം റെദീം തലാങ് കളിക്കില്ല. മുംബൈയ്ക്കെതിരായ മത്സരത്തിനിടെ ചുവപ്പുകാർഡ് കണ്ട റെദീമിന്റെ സസ്പെൻഷൻ ഒരു മത്സരത്തിലേക്ക് കൂടി നീട്ടി. ഇതോടെയാണ് താരത്തിന് ബ്ലാസ്റ്റേഴ്സിനെതിരായ പോരാട്ടം നഷ്ടമാകുക.

സീസണിലെ ​രണ്ടാം മത്സരത്തിലാണ് ​ഗോവ മുംബൈയെ നേരിട്ടത്. ഈ മത്സരത്തിന്റെ 40-ാം മിനിറ്റിൽ മുംബൈയുടെ സ്പാനിഷ് താരം ഹെർനൻ സന്റാനയ്ക്ക് നേരെ നടത്തിയ ഫൗളിനാണ് റെദീമിന് റെഫറി ചുവപ്പുകാട്ടി പുറത്താക്കിയത്. ഇതോടെ സ്വാഭാവികമായ നടപടിപ്രകാരം താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ പുറത്തിരുന്നു. ചുവപ്പുകാർഡ് കണ്ടതിന് പിന്നാലെ ഇതേക്കുറിച്ച് താരത്തോടെ ഏ.ഐ.എഫ്.എഫിന്റെ അച്ചടക്ക സമിതി വിശദീകരണം ചോദിച്ചു.

ഇതിന് മറുപടി നൽകിയ റെദീം, സംഭവത്തിന്റേ പേരിൽ മാപ്പുചോദിച്ചു. എങ്കിലും താരം നടത്തിയ ഫൗൾ വളരെ ​ഗുരുതരമായ ഒന്നാണെന്ന് വിലയിരുത്തിയാണ് ഒരു മത്സരത്തിൽ കൂടി സസ്പെൻഷൻ നൽകാൻ തീരുമാനമായത്. മിസോറം താരമായ റെദീം ഈ സീസണിലാണ് ​ഗോവയിലെത്തുന്നത്.