SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എഫ്സി ​​ഗോവ പുതിയ ​ഗോൾകീപ്പറെ ഒപ്പം കൂട്ടുന്നു. യുവ​ഗോളി അർഷ്ദീപ് സിങ്ങാണ് ​ഗോവയുടെ ഭാ​ഗമാകുന്നത്. ഖേൽ നൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

24-കാരനായ അർഷ്ദീപ് ​ഗോവയുമായി രണ്ട് വർഷത്തെ കരാറാണ് ഒപ്പുവയ്ക്കുകയെന്നാണ് സൂചന. താരത്തിന്റെ സൈനിങ് ​ഗോവ, ഈ ആഴ്ചയോ അടുത്തയാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് സീസണുകളിൽ ഒഡിഷ എഫ്സിക്കായാണ് അർഷ്ദീപ് കളിച്ചത്. ഇക്കുറി ഒഡിഷ വിട്ടാണ് അർഷ്ദീപ് ​ഗോവയിലേക്ക് വണ്ടി കയറുന്നത്. ചണ്ഡി​ഗഡ് സ്വദേശിയായ അർഷ്ദീപ് ഐ-ലീ​ഗിൽ മിനർവ പഞ്ചാബിനായും ​ഗോൾവല കാത്തിട്ടുണ്ട്.

അർഷദീപ് എത്തുന്നതോടെ ​ഗോവയുടെ ഒന്നാം ​ഗോളി സ്ഥാനത്തിനായി കടുത്ത മത്സരം പ്രതീക്ഷിക്കാം. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി തിളങ്ങിയ ധീരജ് സിങ്ങാണ് ​ഗോവയുടെ നിലവിലെ ഒന്നാം ​ഗോളി. ഏഎഫ്സി ചാമ്പ്യൻസ് ലീ​ഗിലെ ഉജ്ജ്വല പ്രകടനത്തോടെ ധീരജ് വലിയ പ്രംശസയും ഏറ്റുവാങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ധീരജിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഈ സാഹചര്യത്തിൽ അർഷ്ദീപ് കൂടിയെത്തുന്നതോടെ ധീരജിന് എതിരാളിയുമായി.