ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവയോട് വിടപറഞ്ഞ് സ്പാനിഷ് താരം ഐക്കർ ഗ്വാറോക്സെന. കഴിഞ്ഞ സീസണിൽ ഗോവയിലെത്തിയ താരമാണ് ഇപ്പോൾ ഒരു വർഷത്തെ സേവനത്തിന് ശേഷം ക്ലബ് വിടുന്നത്. ഐക്കർ തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തു.
30-കാരനായ ഈ അറ്റാക്കിങ് മിഡ്ഫീല്ഡർ കഴിഞ്ഞ ഐഎസ്എല്ലിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഗോവയ്ക്കായി 20 ഐഎസ്എൽ മത്സരങ്ങൾ കളിച്ച ഐക്കർ, 11 തവണ എതിർവലകുലുക്കി. താരം ഇക്കുറി ഗോവയ്ക്കൊപ്പം തുടരുമെന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന സൂചന. എന്നാലിപ്പോൾ ഐക്കര് ഗോവ വിടുകയാണ്. അതേസമയം തന്നെ ഐക്കർ അടുത്ത സീസൺ ഇന്ത്യയിലുണ്ടകില്ലയെന്ന് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തു.
സ്പെയിനിലെ സൂപ്പർ ക്ലബ് അത്ലെറ്റിക്കോ ബിൽബാവോയുടെ അക്കാദമിയിലൂടെയാണ് ഐക്കർ വളർന്നുവന്നത്. പിന്നീട് അവരുടെ സീനിയർ ടീമിനായി നൂറിനടുത്ത് മത്സരങ്ങൾ ഐക്കർ കളിച്ചു. പോളണ്ട്, ഗ്രീസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ക്ലബുകളേയും ഐക്കർ പ്രതിനിധീകരിച്ചിട്ടുണ്ട്.