സാമ്പത്തിക പ്രതിസന്ധിയിലായ ഐഎസ്എല്‍ ക്ലബ് പൂനെ സിറ്റി എഫ്സിയുടെ ഭാവി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ മാനേജ്മെന്റ്. വലിയ സാമ്പത്തിക പ്രതിസന്ധി ബാധിച്ചതോടെ കളിക്കാരുടെ പ്രതിഫലത്തിലടക്കം തടസം നേരിട്ടിരുന്നു. അതിനിടെ പൂനെ താരങ്ങളുടെയെല്ലാം കരാര്‍ റദ്ദാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. വാര്‍ത്തകള്‍ തിരസ്കരിച്ചെങ്കിലും ക്ലബ് വലിയ പ്രതിസന്ധിയിലാണെന്ന് സിഇഒ തന്നെ പറയുന്നു.
ടീം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സമ്മതിച്ച സിഇഒ ഗൗരവ് മോഡ്വെല്‍ ചില വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. അടുത്ത സീസണില്‍ ടീമിനെ മറ്റേതെങ്കിലും സിറ്റിയിലേക്ക് പറിച്ചുനട്ടേക്കുമെന്ന സൂചനയാണ് അതില്‍ പ്രധാനം. ടീമിന്റെ പേര് ഉള്‍പ്പെടെ മാറുന്നതോടൊപ്പം പുതിയ നിക്ഷേപകര്‍ എത്താനും സാധ്യതയുണ്ടെന്ന് അദേഹം പറയുന്നു. നിലവിലെ അവസ്ഥയില്‍ അടുത്ത സീസണിലും ടീം കളത്തിലുണ്ടാകുമെന്ന് സിഇഒ പറയുന്നുണ്ടെങ്കിലും പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് വ്യക്തമല്ല.
ഇപ്പോള്‍ ദ വദവാന്‍ ഗ്രൂപ്പിന്റെ കൈയിലാണ് ടീമിന്റെ 85-90 ശതമാനം ഓഹരികളും. ബാക്കിയുള്ള ഓഹരികള്‍ ബോളിവുഡ് താരം അര്ജുന് കപൂറിന്റെയും ഇറ്റാലിയന്‍ ക്ലബിന്റെയും കൈവശമാണ്. പുതിയ നിക്ഷേപകരെത്തി ടീമിനെ ഏറ്റെടുത്തില്ലെങ്കില്‍ അടുത്ത സീസണില്‍ പൂനെ ചരിത്രത്തിലായേക്കും. ഈ വരുന്ന സൂപ്പര്‍കപ്പില്‍ അക്കാദമി ടീമിനെയാകും പൂനെ ഇറക്കുകയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.