SHARE

റഷ്യന്‍ ലോകകപ്പില്‍ ഐസ്‌ലന്‍ഡിന്റെ സഹ പരിശീലകനായിരുന്ന ഹെല്‍ഗി കോള്‍വിഡ്‌സണെ ഇന്ത്യയിലെത്തിക്കാന്‍ എഫ് സി പൂനെ സിറ്റി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. കോള്‍വിഡ്‌സണുമായി പൂനെ ചര്‍ച്ചയിലാണെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു

നാലാം സീസണ് ശേഷം കോച്ച് റാങ്കോ പോപോവിച്ച് രാജിവെച്ചതോടെയാണ് പൂനെ പുതിയ പരിശീലകനെ തേടിയിറങ്ങിയത്. ബ്രസീലിയന്‍ പരിശീലകന്‍ മാര്‍ക്കോസ് പക്വേറ്റയെ ക്ലബ് കോച്ചായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പക്വേറ്റ പിന്നീട് ഇന്ത്യയിലേക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഐസ്‌ലന്‍ഡ് സഹപരിശീലകനെ, ഹെഡ് കോച്ചായി ടീമിനൊപ്പമെത്തിക്കാന്‍ പൂനെ ശ്രമിക്കുന്നത്.

46കാരനായ ഹെല്‍ഗി കോള്‍വിഡ്‌സണ്‍ ഓസ്ട്രിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലാണ് ക്ലബ് കരിയര്‍ ചെലവഴിച്ചത്. 1996-2003 കാലഘട്ടത്തില്‍ ഐസ്‌ലന്‍ഡ് ദേശീയ ടീമിന് വേണ്ടി 29 മത്സരങ്ങളും ഈ മുന്‍ പ്രതിരോധതാരം കളിച്ചിട്ടുണ്ട്. 2008 മുതല്‍ വിവിധ ടീമുകളെ പരിശീലിപ്പിച്ച് വരികയായിരുന്ന കോള്‍വിഡ്‌സണ്‍ 2016ലാണ് ഐസ്‌ലന്‍ഡിന്റെ സഹ പരിശീലകനാവുന്നത്.