SHARE

കനേഡിയൻ സൂപ്പർ താരം ഇയാൻ ഹ്യൂം ഐ എസ് എൽ ക്ലബ്ബായ എഫ് സി പൂനെ സിറ്റി വിട്ടു. കഴിഞ്ഞ സീസണിൽ പൂനെയിലെത്തിയ താരത്തിന് പരിക്കിനെത്തുടർന്ന് വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ അവിടെ കളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പ്രായം 35 പിന്നിട്ട ഹ്യൂമിനെ ഇത്തവണ ടീമിൽ നിലനിർത്താൻ പൂനെ മാനേജ്മെന്റിനും കാര്യമായ താല്പര്യം ഉണ്ടായിരുന്നില്ല. ഇതോടെയാണ് താരം ക്ലബ്ബ് വിട്ടത്.

നിലവിൽ ഫ്രീഏജന്റായി മാറിയ താരം ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾവേട്ടയിൽ മുന്നിലുള്ള താരങ്ങളിലൊരാളാണ്. പ്രായം 35 ആയത് കൊണ്ടും തുടർച്ചയായി പരിക്കിന്റെ പിടിയിലായതിനാലും ഹ്യൂമിനെ ടീമിലെത്തിക്കാൻ ഇത്തവണ ഐ എസ് എൽ ടീമുകൾ കാര്യമായ ശ്രമം നടത്തിയേക്കില്ല. അത് കൊണ്ടു തന്നെ ഹ്യൂമിനെ ഒരിക്കൽക്കൂടി ഐ എസ് എല്ലിൽ കാണാനുള്ള‌ സാധ്യതകൾ വളരെ നേരിയതാണ്.

2014 ൽ കേരളാ ബ്ലാസ്റ്റേഴ്സിൽ കളിച്ച് ഇന്ത്യയിലെ കരിയറിന് തുടക്കമിട്ട ഹ്യൂം, ആദ്യ സീസണിലെ ടീമിന്റെ ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്കാണ് വഹിച്ചത്. രണ്ടാം സീസണിൽ എടികെയിലേക്ക് പോയ താരം അവിടെ രണ്ട്‌ സീസണുകളിൽ കളിച്ചു. 2016 ൽ അവരെ ഐ എസ് എൽ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പ‌ങ്കും താരം വഹിച്ചു. 2017 ൽ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയെങ്കിലും പരിക്കിനെത്തുടർന്ന് ടൂർണമെന്റിന്റെ പാതിവഴിയിൽ പുറത്തേക്ക് പോയി. ഇതിന് ശേഷമാണ് 2018 ൽ പൂനെ ഹ്യൂമിനെ ടീമിലെത്തിക്കുന്നത്.